വളപട്ടണത്തെ ‘കൊടിമറ’ കാണാതെ മനോരമ; ബാങ്ക്‌ ഭരിക്കുന്നത്‌ യുഡിഎഫാണെന്ന്‌ അറിഞ്ഞേയില്ല



കണ്ണൂർ > ‘കോടികൾ മുക്കാൻ കൊടിമറ’ സൃഷ്ടിച്ച്‌  ഇടപാടുകാരെയും സഹകാരികളെയും സർക്കാരിനെയും ബോധവൽക്കരിച്ച മലയാള മനോരമയ്‌ക്ക്‌ വൻ വെട്ടിപ്പ്‌ നടന്ന വളപട്ടണം സഹകരണ ബാങ്ക്‌ ഭരിക്കുന്നത്‌ ആരെന്ന്‌ കണ്ടെത്താനായില്ല. വളപട്ടണം ബാങ്ക്‌ തട്ടിപ്പ്‌ കേസിൽ ജീവനക്കാരന്‌ 10 വർഷം കഠിന തടവെന്ന ഒന്നാം പേജ്‌ വാർത്തയിൽ എവിടെയും ബാങ്ക്‌ ഭരിക്കുന്നത്‌ യുഡിഎഫാണെന്ന്‌ പറയുന്നില്ല. ‘പാവങ്ങളെ പറ്റിക്കാൻ പാർടി സഹകരണ’മെന്ന മുഖപ്രസംഗത്തിന്റെ മഷിയുണങ്ങുംമുന്നേയാണ്‌ മനോരമയുടെ ഇരട്ടത്താപ്പ്‌. യുഡിഎഫുകാരായ എല്ലാ ഭരണസമിതി അംഗങ്ങളും ജീവനക്കാരും അഴിമതി നടത്തിയത്‌ സിപിഐ എമ്മിനെതിരെ ‘കൊടിമറ’ പരമ്പര രചിച്ച മനോരമയ്‌ക്ക്‌ വലിയ വാർത്തയേ ആയില്ല. 36 കുറ്റകൃത്യവും 26 പ്രതികളും 12 കേസുമുള്ള വെട്ടിപ്പിന്‌ മറയിടുകയെന്ന ദൗത്യമാണ്‌ യുഡിഎഫിനായി മനോരമ നിർവഹിച്ചത്‌. ബാങ്ക്‌ ഭരണസമിതിക്കാരുടെ രാഷ്ട്രീയമോ നേതാക്കളുമായുള്ള ബന്ധമോ അന്വേഷിച്ചില്ല. കരുവന്നൂരിൽ വൻ തട്ടിപ്പിന്‌ ഇരയായവരുടെ കണ്ണീർക്കഥ തീർത്തവർ വളപട്ടണത്തെ ഇടപാടുകാരുടെ നോവും കണ്ടില്ല. സെന്റിന് 10,000 രൂപപോലും വിലയില്ലാത്ത കൈപ്പാട് ഭൂമിക്ക് എട്ടും പത്തും ലക്ഷം വില കാണിച്ച് ഇവയുടെ ഈടിൽ 3.60 കോടിയാണ്‌ വായ്‌പ നൽകിയത്‌. വിവിധ പേരിൽ വായ്പ അനുവദിച്ച് ഭരണസമിതി അംഗങ്ങൾതന്നെ പണം തട്ടുകയായിരുന്നു. ഈട്‌ രേഖകൾ കാണിച്ച് നാലുകോടി തട്ടി. പണയസ്വർണം മറ്റു ബാങ്കുകളിൽ പണയപ്പെടുത്തിയും മുക്കുപണ്ടം ഈടിലും വൻതുക ചോർത്തി. പണമില്ലാതെ മടങ്ങിയ ചെക്കുകൾ ക്ലിയറൻസ് ചെയ്‌തായിരുന്നു മറ്റൊരു തട്ടിപ്പ്‌. നാലുകോടിയാണ്‌ ഇങ്ങനെ വെട്ടിച്ചത്‌. മനോരമ ഇതൊന്നും കണ്ടതേയില്ല. Read on deshabhimani.com

Related News