എട്ടുനിലയില്‍ പൊട്ടി മനോരമയുടെ 'നരകതുല്യ ജീവിതങ്ങള്‍'



കണ്ണൂര്‍ കേരളത്തിലെ അന്യാദൃശമായ വികസന-- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താനും സംസ്ഥാന സര്‍ക്കാരിനെ കരിവാരിത്തേക്കാനും വീണ്ടും മലയാള മനോരമയുടെ വ്യാജസൃഷ്ടി. 'നവകേരളത്തിലാണ് നരകതുല്യമായ ഈ നാലു ജീവിതങ്ങളു'മെന്ന തലക്കെട്ടില്‍ തിങ്കളാഴ്ച ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത മഷിയുണങ്ങുംമുമ്പ് എട്ടുനിലയില്‍ പൊട്ടി. സ്വന്തമായി മെച്ചപ്പെട്ട വീടും ജോലിയുള്ള രണ്ട് മക്കളുമുള്ള ദമ്പതികള്‍ സ്വന്തം താല്‍പ്പര്യപ്രകാരം പുതിയതെരുവിലെ വാടകക്കെട്ടിടത്തില്‍ താമസിക്കുന്നതിനെയാണ് മനോരമ  'കണ്ണീര്‍ ചായ്പില്‍' തളച്ചിട്ട് വ്യാജവാര്‍ത്ത ചമച്ചത്.     കേന്ദ്ര അവഗണനയും വര്‍ഗീയതയും നവകേരള സൃഷ്ടിയും ക്ഷേമപദ്ധതികളുടെ സംരക്ഷണവും അടക്കമുള്ള വിഷയങ്ങളുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയ്ക്ക് മുന്നോടിയായി അപവാദ കഥകള്‍ പ്രചരിപ്പിക്കുകയെന്ന അജന്‍ഡയാണ് മുഖ്യമായും  ഇതിനുപിന്നില്‍. ഓരോ ജില്ലയിലും ഇത്തരം കള്ളവാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കാന്‍ ലേഖകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ആദ്യ സാമ്പിളാണ് കൃത്യമായ രാഷ്ട്രീയ ചായ്വുള്ള ലേഖകന്റെ സൃഷ്ടി.    പുതിയതെരു ദേശീയപാതയോരത്തെ കടയുടെ പിന്നിലെ ചായ്പിനപ്പുറമുള്ള ലോകം കാണാന്‍ സിപിഐ എംവിരുദ്ധ തിമിരം ബാധിച്ച മനോരമ ലേഖകന്റെ കണ്ണുകള്‍ക്കായില്ല. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന പുതിയതെരുവില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അരയമ്പേത്തുള്ള സ്വന്തം വീട്ടില്‍  'കണ്ണീര്‍ കഥയിലെ നായകനും' കുടുംബവും താമസിക്കാത്തതിന്റെ കാരണവും ലേഖകന്‍ അന്വേഷിച്ചില്ല. ബൈക്ക് മെക്കാനിക്കായ മകന്‍ ആ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. മാതാപിതാക്കളെ അടിച്ചിറക്കിയതല്ല. മകന്‍ നിരന്തരം വിളിച്ചിട്ടും മാതാപിതാക്കള്‍ പോകാത്തതും വിഷയമല്ല. ജോലിക്കാരിയായ  മകളുടെ വിവാഹം ആഘോഷമായി നടത്തിയ ഈ വീട്ടില്‍നിന്ന് അച്ഛനും അമ്മയും 'നരക' ജീവിതത്തിലേക്ക് പോയതിന്റെ പൊരുളും ലേഖകന്‍ തേടിയില്ല. നവകേരളത്തെ അപഹസിക്കാന്‍ ലേഖകന് ആവശ്യം കണ്ണീര്‍ക്കഥമാത്രമായിരുന്നു.     ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെ രണ്ട് മക്കള്‍ക്കും ജോലിയുണ്ടായിട്ടും അതിദാരിദ്ര്യമുള്ള കുടുംബമാണെന്ന് മനോരമ. ക്ഷേമ പെന്‍ഷനല്ലാതെ മറ്റു വരുമാനമില്ലെന്നും കണ്ടെത്തി. നുണ പൊളിഞ്ഞെങ്കിലും 'മനോരമ വാര്‍ത്തയെതുടര്‍ന്ന് കുടുംബത്തെ മകന്‍ കൂട്ടിക്കൊണ്ടുപോകുന്ന' സചിത്ര തുടര്‍വാര്‍ത്തയാകും അടുത്ത ദിവസം.   Read on deshabhimani.com

Related News