മലപ്പുറം ന​ഗരസഭാ ഡ്രൈവറെ ലീഗ്‌ കൗൺസിലർമാർ മർദിച്ചു



മലപ്പുറം > മലപ്പുറം നഗരസഭയിലെ ജീവനക്കാരനെ മുസ്ലിംലീഗ്‌ കൗൺസിലർമാരും പ്രവർത്തകരും ചേർന്ന് ആക്രമിച്ചു. നഗരസഭാ ഡ്രൈവർ വേങ്ങര കണ്ണമംഗലം സ്വദേശി പി ടി മുകേഷി (34)നെയാണ്‌ ഓഫീസിലെ വിശ്രമമുറിയിൽ വിളിച്ചുവരുത്തി ആക്രമിച്ചത്‌. അടിയേറ്റുവീണ മുകേഷിനെ ആദ്യം മലപ്പുറം താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ പെരിന്തൽമണ്ണ ഇ എം എസ്‌ ആശുപത്രിയിലേക്കും മാറ്റി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷരായ നൂറേങ്ങൽ സിദ്ധീഖ്, പി കെ സക്കീർ ഹുസൈൻ, കൗൺസിലർമാരായ ഷാഫി മുഴിക്കൽ, എ പി ശിഹാബ്, സി കെ സഹീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മുകേഷിന്‌ തലയ്ക്കും നെഞ്ചിലും ഇടതുകൈയ്ക്കും സാരമായി പരിക്കേറ്റു. ബുധനാഴ്‌ച പകൽ 3.30നായിരുന്നു സംഭവം. മുസ്ലിംലീഗ് ഭരണസമിതി നിയമിച്ച താൽക്കാലിക ജീവനക്കാർ നൽകുന്ന ജോലിസംബന്ധമായ നിർദേശം സ്ഥിരം ജീവനക്കാരായ ഡ്രൈവർമാർ തള്ളിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. താൽക്കാലിക ജീവനക്കാരും ഭരണസമിതിയിലെ ചിലരും ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പതിവാണ്. ഇതിൽ എതിർപ്പുയർത്തിയ സ്ഥിരം ഡ്രൈവർമാർ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ ലീഗ് കൗൺസിലർമാരും താൽക്കാലിക ജീവനക്കാരും പലതവണ ഇവരെ ഭീഷണിപ്പെടുത്തി. ‘തന്നെ വച്ചേക്കില്ലെന്നും നഗരസഭയിൽനിന്ന് മാറ്റുമെന്നും’ ഭീഷണിപ്പെടുത്തിയിരുന്നതായി മുകേഷ് പറഞ്ഞു. സംഭവത്തിൽ നഗരസഭാ സെക്രട്ടറിക്കും സൂപ്രണ്ടിനും പരാതി നൽകി.   Read on deshabhimani.com

Related News