ഗുണ്ടാ–മാഫിയാ സംഘങ്ങളെ അടിച്ചമർത്തും: കോടിയേരി

സിപിഐ എം പാർടി കോൺഗ്രസ്‌ സംഘാടകസമിതി ഓഫീസ്‌ കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു


കണ്ണൂർ> ഗുണ്ടാ-മാഫിയാ സംഘങ്ങളെ അടിച്ചമർത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇഛാശക്തിയോടെ പ്രവർത്തിക്കാൻ സർക്കാറിന്‌ കഴിയുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കണ്ണൂരിൽ സിപിഐ എം പാർടി കോൺഗ്രസ്‌ സംഘാടകസമിതി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.   സംസ്ഥാനത്ത്‌ പൊലീസ്‌ പരാജയമാണെന്നും ക്രമസമാധാനം തകർന്നുവെന്നും പറയുന്നത്‌ തീർത്തും അടിസ്ഥാന രഹിതമാണ്‌. അങ്ങനെയൊന്നില്ല. ശക്തമായ പൊലീസ്‌ സംവിധാനമാണ്‌ സംസ്ഥാനത്തുള്ളത്‌. എന്നാൽ ചില സംഭവങ്ങൾ സമീപകാലത്ത്‌ ചർച്ചയായിട്ടുണ്ട്‌. ഇന്നലെ കോട്ടയത്ത്‌ നടന്നത്‌ കഞ്ചാവ്‌–-മയക്ക്‌ മരുന്ന്‌ മാഫിയാ സംഘങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ്‌. കേസിലെ പ്രതിയെ നേരത്തെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ചതാണ്‌. കോടതി ജാമ്യം കൊടുത്തപ്പോഴാണ്‌ പുറത്തിറങ്ങിയത്‌. ഗുണ്ടാ–-കാപ്പ നിയമപ്രകാരം അറസ്‌റ്റിലാകുന്നവർക്ക്‌ കോടതി ജാമ്യം നൽകിയാൽ സർക്കാറിന്‌ അതംഗീകരിക്കുകയേ വഴിയുള്ളൂ. ഇങ്ങനെ കോടതി ജാമ്യം നൽകിയ പ്രതിയാണ്‌ ഈ ഞെട്ടിപ്പിക്കുന്ന കൃത്യം നടത്തിയത്‌. ഇത്തരം ഗുണ്ടാ–-മാഫിയാ വാഴ്‌ച ഒരു കാരണവശാലും സർക്കാർ അനുവദിക്കില്ല. അടിച്ചമർത്തും. അതിന്‌ തുടക്കം കുറിച്ചതിന്റെ ഭാഗമായാണ്‌ 13,000 പേർക്ക്‌ നോട്ടീസ്‌ അയച്ചത്‌. അതിൽ 1,000 പേരെ ഇതിനകം അറസ്‌റ്റ്‌ ചെയ്‌തു. ഇങ്ങനൈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കാപ്പ നിയമപ്രകാരവും മറ്റും അറസ്‌റ്റ്‌ ചെയ്യുമ്പോൾ കോടതിയിൽ നിന്നും ജാമ്യം ലഭിക്കാതിരിക്കാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നും കോടിയേരി പറഞ്ഞു.   Read on deshabhimani.com

Related News