വ്യവസായ യന്ത്ര പ്രദർശന മേള; മെഷിനറി എക്‌സ്‌പോ 2022 ജനുവരി 24 മുതൽ



കൊച്ചി> കേരള സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശന മേള 'മെഷിനറി എക്‌സ്‌പോ- 2022' ജനുവരി 24 മുതൽ 27 വരെ എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. 24 ന് രാവിലെ 9ന് മന്ത്രി പി രാജീവ് മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകർക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാർഷിക ഭക്ഷ്യസംസ്‌കരണം, ജനറൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയിൽ പ്രദർശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകളാണു മേളയിൽ ഒരുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പഞ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും എക്‌സ്‌പോ നടക്കുക. എക്‌സിബിറ്റേഴ്‌സ് ആയി മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ മേള സന്ദർശിക്കുവാൻ അനുവദിക്കൂ. കൂടാതെ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസേഷൻ ഉറപ്പുവരുത്തിക്കൊണ്ട് മാത്രം മേളയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾ പ്രവേശന കവാടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സന്ദർശകർക്കു മേള സന്ദർശിക്കുന്നതിന് ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് http://machineryexpokerala.in/visitor register എന്ന ലിങ്ക് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് സൗകര്യവും മേളയിൽ ഒരുക്കും. 38,050 സ്‌ക്വയർ ഫീറ്റ് പവലിയനിൽ സന്ദർശകരുടെ എണ്ണം നിയന്ത്രിച്ചാണ് പരിപാടി. ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിലെ സംരംഭകർക്ക് ആവശ്യമായ പിന്തുണ നൽകുന്നത് ലക്ഷ്യംവച്ച്, പരമാവധി ജനങ്ങൾക്ക് മേള ഉപകാരപ്രദമാക്കുന്നതിനായി വ്യവസായ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ മേളയിൽ പങ്കെടുക്കുന്ന സ്റ്റാളുകളുടെ വിശദവിവരങ്ങളും യന്ത്രങ്ങളുടെ പ്രവർത്തനവും അടങ്ങുന്ന വീഡിയോകൾ വ്യവസായ വകുപ്പിന്റെ ഓൺലൈൻ സംവിധാനങ്ങളായി യുട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക് എന്നിവയിൽ ലഭ്യമാക്കും. 2022 വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ സൃഷ്ടിക്കുന്നതിനുള്ള വലിയൊരു കാൽവെയ്‌പ്പ് സർക്കാർ തലത്തിൽ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിൽ സൂക്ഷ്മ ചെറുകിട സംരംഭകർക്ക് പ്രയോജനകരമാണ് എക്‌സ്‌പോ. ഉദ്ഘാടന യോഗത്തിൽ ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ടി.ജെ വിനോദ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com

Related News