ലോക കേരള സഭ: വിട്ടുനിൽക്കുന്നവർ‌ പ്രവാസികളെ മനസ്സിലാക്കണം: എം എ യൂസഫലി



തിരുവനന്തപുരം> പ്രവാസികൾ രാഷ്ട്രീയം നോക്കാതെ എല്ലാ നേതാക്കളെയും സ്‌നേഹിക്കുന്നവരാണെന്ന് നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ എം എ യൂസഫലി പറഞ്ഞു.  ഈ അവസരത്തിൽ  അത് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരളസഭയുടെ പൊതുസമ്മേളനത്തിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിന്ന സാഹചര്യത്തിലായിരുന്നു യൂസഫലിയുടെ പ്രതികരണം. മലയാളികൾ എവിടെയായാലും നാടിനെപ്പറ്റിയാണ്‌ ചിന്തിക്കുന്നത്‌. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ നേതൃത്വത്തെ സ്വീകരിക്കുന്നു. അത്‌ എല്ലാവരും മനസ്സിലാക്കണം. മന്ത്രിമാരല്ലാത്തവരെയും ഇരുകൈയും നീട്ടിയാണ്‌ സ്വീകരിക്കുക. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ യുഎഇ ഭരണാധികാരിക്ക്‌ താൻ പരിചയപ്പെടുത്തിയിട്ടുണ്ട്‌. കൂടിക്കാഴ്‌ചയ്‌ക്കും അവസരമൊരുക്കി. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും അത്തരമൊരു അവസരത്തിന്‌ താനായി മുൻകൈ എടുത്തിട്ടുണ്ട്‌. ഇവിടെയൊന്നും കക്ഷി രാഷ്‌ട്രീയം പ്രശ്‌നമായിട്ടില്ല.  കേരള സർക്കാർ പ്രവാസികളെ ക്ഷണിക്കുന്നു. ആശയങ്ങൾ പങ്കുവയ്ക്കുന്നു എന്നതിനാണ്‌ പ്രാധാന്യമുണ്ടാകേണ്ടത്‌. അതിന്‌ അവസരമൊരുക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിക്കുന്നു. ലോക കേരളസഭ സംഘടിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് നന്ദി പറയുന്നു. കേരളത്തിനായി പ്രവാസികൾക്ക്‌‌ എന്ത് ചെയ്യാനാകും, തിരികെ പ്രവാസികൾക്കായി ചെയ്യാവുന്ന കാര്യങ്ങൾ തുടങ്ങിയവയും  ലോക കേരളസഭയിൽ ചർച്ച ചെയ്യണമെന്ന് എം എ യൂസഫലി പറഞ്ഞു. Read on deshabhimani.com

Related News