കണ്ണൂര്‍ കോര്‍പ്പറേഷന്റേത് 
ബിജെപി ദാസ്യവേല: എം വി ജയരാജൻ



കണ്ണൂർ > കേന്ദ്രബജറ്റിനെതിരെ മൃദുസമീപനവും സംസ്ഥാന ബജറ്റിനെതിരെ തീവ്രപ്രതിഷേധവുമുയർത്തിയ കണ്ണൂർ കോർപ്പറേഷന്റെ രാഷ്ട്രീയപ്രമേയം ബിജെപിയോടുള്ള ദാസ്യവേലയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂരിന്റെ സമഗ്രവികസനത്തിന് കുതിപ്പേകുന്ന ബജറ്റാണ് സംസ്ഥാന സർക്കാറിന്റേത്‌. കേന്ദ്രബജറ്റാവട്ടെ, അർഹമായ പദ്ധതിയും പണവും സംസ്ഥാനത്തിന് നിഷേധിച്ചു. ജനവിരുദ്ധവും വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്നതുമായ ബജറ്റാണ്.   തൊഴിലുറപ്പ് പദ്ധതി വിഹിതവും പെട്രോളിയം വളം–-ഭക്ഷ്യ സബ്സിഡിയും കാർഷികമേഖലയിലും മുൻവർഷത്തേക്കാൾ തുക വെട്ടിക്കുറച്ച് പാവങ്ങളെ ദ്രോഹിച്ച ബജറ്റാണ് കേന്ദ്രത്തിന്റേത്‌. ഇതു കാണാതെയാണ് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുംവിധത്തിൽ മേയർ അടക്കമുള്ളവർ കോർപ്പറേഷൻ യോഗത്തിൽ നടത്തിയ പ്രതികരണങ്ങൾ. ചേംബർ ഓഫ് കോമേഴ്സും ഇതര സംഘടനകളും സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്തു.  സിറ്റി റോഡ് പദ്ധതി ഫ്ളൈ ഓവർ, അടിപ്പാത, 15 റോഡുകൾ, 10 സ്കൂൾ കെട്ടിടങ്ങൾ, 7 പാലങ്ങൾ, സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും, കാനാമ്പുഴ പദ്ധതി, 3 കോളനികൾ, നിലവിലുള്ള റോഡുകൾ മെക്കാഡം ചെയ്യൽ, 2 ടൂറിസം പദ്ധതികൾ എന്നിവയുൾപ്പെടെ 1500 കോടി രൂപയുടെ പദ്ധതികളാണ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽമാത്രം എൽഡിഎഫ് സർക്കാർ അനുവദിച്ചത്.   കോർപ്പറേഷന് പുതിയ കെട്ടിട സമുച്ചയം പണിയാനും മാലിന്യ സംസ്‌ക‌രണ പ്ലാന്റ്‌ പണിയാനും സർക്കാർ അനുവദിച്ച ഫണ്ടാണ് ഇപ്പോൾ ചെലവഴിക്കുന്നത്.  ഇതൊന്നും കാണാതെ സംസ്ഥാന സർക്കാരിനെയും ബജറ്റിനെയും കുറ്റപ്പെടുത്തുന്ന കോർപ്പറേഷൻ ഭാരവാഹികളുടെ നിലപാട് ജനങ്ങൾ അവജ്ഞയോടെ തള്ളും. പ്രമേയത്തിൻമേൽ  പ്രതിപക്ഷത്തിന് വസ്‌തുതകൾ അവതരിപ്പിക്കാനുള്ള സമയം നിഷേധിച്ചാണ്‌ ഏകപക്ഷീയമായി കൗൺസിൽ യോഗത്തിൽ മേയർ നിലപാട് സ്വീകരിച്ചത്.  കെപിസിസി പ്രസിഡന്റിന്റെ ആർഎസ്എസ് അനുകൂലവും മാർക്‌സിസ്റ്റ് വിരുദ്ധമായ നിലപാടുതന്നെയാണ്  മേയർക്കുമെന്നത്‌ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News