തദ്ദേശ സ്ഥാപനങ്ങളിലെ റോഡ് ആസ്‌തി നിര്‍ണയം; റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കും: മന്ത്രി എം വി ഗോവിന്ദന്‍



തിരുവനന്തപുരം > തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ സുരക്ഷയും ഗുണമേന്‍മയും ഉറപ്പുവരുത്തുന്നതിനായി റോഡ് ആസ്തികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്റര്‍ (കെഎസ്ആര്‍ഇസി) തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റേയും ആര്‍- ട്രാക്ക് മൊബൈല്‍ ആപ്ലിക്കേഷന്റേയും സേവനം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ജിപിഎസ് സൗകര്യമുള്ള ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണും ടുവീലറുമുള്ള ചെറുപ്പക്കാരുടെ സേവനം ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തും. ഇതിനായി ഒരു വാര്‍ഡിന് 3000 രൂപ ചിലവാക്കാനുള്ള അനുമതി നല്‍കിയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പഞ്ചായത്തുകളിലാണ് കണക്റ്റിവിറ്റി മാപ്പിംഗ് നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുമ്പോള്‍ തോട്, കായല്‍, കനാല്‍ എന്നിവയുടെ വശങ്ങളിലൂടെ പോകുന്ന റോഡുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കൈവരികള്‍ ഉള്‍പ്പെടെ അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. Read on deshabhimani.com

Related News