മതമൈത്രിയിൽ ബിജെപി വിഷം കലർത്തുന്നു : എം വി ഗോവിന്ദൻ



കണ്ണൂർ കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തെപ്പോലെ മതങ്ങൾ ഐക്യത്തോടെ കഴിയുന്ന പ്രദേശം എവിടെയുമില്ല. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗങ്ങൾ രമ്യതയോടെ കഴിയുന്നത്‌ ദഹിക്കാത്ത ബിജെപിയും ആർഎസ്‌എസ്സും ന്യൂനപക്ഷ വർഗീയവാദികളും നാടിന്റെ  മതനിരപേക്ഷത തകർക്കുകയാണ്‌. എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിലെ എ കെ ജി പ്രതിമയിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം അനുസ്‌മരണയോഗം  ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമുണ്ടാകേണ്ട കാലമാണിത്‌. കേരളത്തിൽ മതധ്രുവീകരണത്തിലൂടെ നേട്ടംകൊയ്യാനാണ്‌ ബിജെപി നീക്കം. ന്യൂനപക്ഷങ്ങളെ  തങ്ങൾക്ക്‌ അനുകൂലമാക്കിമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ മുസ്ലിം, ക്രിസ്‌ത്യൻ സംഘടനകളുമായുള്ള ചർച്ച. റബറിന്‌ വിലകൂടുമെന്നു പറഞ്ഞ്‌ ബിജെപിക്കുപിറകെ പോകുന്നവർ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ ചെയ്യുന്നതിനോ അനുസരിച്ച്‌  വില മാറില്ല. ആസിയാൻ കരാറിന്റെ ഭാഗമായാണ്‌ വിലയിടിഞ്ഞത്‌. കുത്തകകൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുന്ന ബിജെപി സർക്കാർ കർഷകരെ രക്ഷിക്കുമെന്ന്‌  ധരിക്കുന്നവർ പാഠംപഠിക്കും. ജനങ്ങളുടെ  പ്രശ്‌നങ്ങൾ  നിയമസഭയിൽ ചർച്ചചെയ്യാൻ പാടില്ലെന്ന വാശിയാണ്‌  പ്രതിപക്ഷത്തിന്‌. അതിന്‌ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ്‌ സഭ സ്‌തംഭിക്കാൻ കാരണം. മാധ്യമ പിന്തുണയോടെയുള്ള ‘മോക്‌  അംസംബ്ലി’ നിയമസഭയിൽ ആദ്യമാണ്‌. ജനാധിപത്യ സംവിധാനങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണ്‌ പ്രതിപക്ഷം. സർക്കാരും സ്‌പീക്കറും പക്ഷപാത നിലപാട്‌ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്‌ തോന്നുന്നതെല്ലാം സഭയിൽ ചർച്ചചെയ്യാനാവില്ല. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയം അനുവദിച്ചത്‌ ഈ സർക്കാരാണ്‌.  കോൺഗ്രസിലും മുസ്ലിംലീഗിലുമുള്ള പ്രശ്‌നങ്ങൾ മൂടിവയ്‌ക്കാനാണ്‌ സഭയിൽ പ്രശ്‌നമുണ്ടാക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News