കോൺഗ്രസ്‌ ബിജെപിയെ എതിർക്കുന്നത്‌ കേന്ദ്ര ഏജൻസികൾ എതിരാകുമ്പോൾ മാത്രം: എം വി ഗോവിന്ദൻ



ആലപ്പുഴ > രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ സിപിഐ എം ശക്തമായി എതിർക്കുമെന്നതിൽ ഒരു സംശയവും വേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കെ രാജഗോപാൽ രചിച്ച് തൃശൂരിലെ "സമത' പ്രസിദ്ധീകരിക്കുന്ന "ഹസ്രത് മൊഹാനി ഇങ്ക്വിലാബിൻ്റെ ഇടിമുഴക്കം' എന്ന പുസ്‌തകത്തിൻ്റെ പ്രകാശനച്ചടങ്ങ് വലിയ ചുടുകാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ നടപടിയെ സിപിഐ എം എതിർക്കുന്നത് അദ്ദേഹം വയനാട്ടിൽ മത്സരിക്കാൻ വരുമോയെന്നു നോക്കിയല്ല. ഇക്കാര്യത്തിൽ അങ്കലാപ്പുണ്ടാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു അങ്കലാപ്പും വേണ്ട. കോൺഗ്രസിൻ്റെ പ്രധാന ശത്രു സിപിഐ എമ്മാണ്. അതുകൊണ്ടാണ് ഇഡി, സിബിഐ, സി എ ജി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ജനാധിപത്യവിരുദ്ധ നിലപാട് കേരളത്തിലാകാം ഡൽഹിയിൽ പറ്റില്ല എന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നത്. എന്നാൽ സിപിഐ എമ്മിൻ്റെ പ്രധാന ശത്രു കോൺഗ്രസല്ല, ബിജെപിയാണ്. കേന്ദ്ര ഏജൻസികൾ തങ്ങൾക്കെതിരാകുമ്പോൾ മാത്രമാണ് കോൺഗ്രസ് എതിർക്കുന്നത്. ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയപ്പോഴോ ദില്ലി ഉപമുഖ്യമന്ത്രിയെ ജയിലിലടച്ചപ്പോഴോ കോൺഗ്രസ് എതിർത്തില്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിൻ്റെ മകൾ കവിതയെ സിബിഐ ചോദ്യം ചെയ്യുമ്പോഴും കോൺഗ്രസിനു പ്രതിഷേധമില്ല. എന്നാൽ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കുമെതിരായ കേന്ദ്രത്തിൻ്റെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർക്കുന്നത് സിപിഐ എമ്മിൻ്റെ രാഷ്ട്രീയ നിലപാടാണ്. ബിജെപിയുടെ ഫാസിസ്റ്റു നയത്തെ ചെറുക്കുകയെന്ന ദൗത്യം നിർവഹിക്കാൻ കോൺഗ്രസിനു ശേഷിയില്ല. മൃദുഹിന്ദുത്വ നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി. Read on deshabhimani.com

Related News