എം വി ഗോവിന്ദനെതിരായ സ്വപ്‌നയുടെ ആരോപണം തള്ളി കെ സുധാകരൻ



ആലപ്പുഴ > സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണം തള്ളി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലെന്നും മടിയിൽകനമില്ലെന്നും അദ്ദേഹത്തിന്റെ ജീവിതം തുറന്ന പുസ്‌തകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. സ്വപ്‌ന സുരേഷിന്‌ എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചതിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. ആർക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന വ്യക്തിയാണ്‌ സ്വപ്‌ന സുരേഷെന്ന്‌ സ്വയം സമ്മതിക്കുകയല്ലേ  സുധാകരൻ ഇതിലൂടെ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോൾ എം വി ഗോവിന്ദൻ തന്റെ നാട്ടുകാരനാണെന്നും ആത്മാർഥതയോടെയാണ്‌ ഇതു പറയുന്നതെന്നുമായിരുന്നു മറുപടി. സ്വപ്‌ന എം വി ഗോവിന്ദനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സുധാകരൻ അവകാശപ്പെട്ടു. വിജേഷ്‌ പറഞ്ഞകാര്യം പറയുകമാത്രമാണ്‌ സ്വപ്‌ന  ചെയ്‌തത്‌. പിണറയി വിജയൻ എന്തുകൊണ്ട്‌ സ്വപ്‌നയ്‌ക്കെതിരെ മാനനഷ്‌ടക്കേസ്‌ നൽകുന്നില്ലെന്ന പതിവ്‌ പല്ലവിയും അദ്ദേഹം ആവർത്തിച്ചു. മാർച്ച്‌ 9നാണ്‌ സ്വപ്‌ന ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ എം വി ഗോവിന്ദനെതിരെ ആരോപണമുന്നയിച്ചത്‌. എം വി ഗോവിന്ദൻ നിർദേശിച്ചിട്ടാണു വരുന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി തരാമെന്ന്‌ വിജേഷ്‌ പിള്ളയെന്നയാൾ തന്നോട്‌ പറഞ്ഞുവെന്നുമായിരുന്നു സ്വപ്‌ന പറഞ്ഞത്‌. ഇത് അനുസരിക്കുന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞതായും ആരോപിച്ചിരുന്നു. ഇതിനെതിരെ എം വി ഗോവിന്ദൻ  വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. Read on deshabhimani.com

Related News