വർഗീയതക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ സിപിഐ എം സംസ്ഥാന ജാഥ : എം വി ഗോവിന്ദൻ



തിരുവനന്തപുരം> സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയും വികസനം തടഞ്ഞുമുള്ള കേന്ദ്രസർക്കാർ സമീപനത്തിനും ന്യുനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർഎസ്‌എസും ഉയർത്തുന്ന കടുത്ത ഭീഷണിക്കുമെതിരെ സിപിഐ എം സംസ്ഥാനതല ജാഥ സംഘടിപ്പിക്കുമെന്ന്‌ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ ഫെബ്രുവരി 20ന്‌ കാസർകോട്‌ നിന്ന്‌ ആരംഭിച്ച്‌ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച്‌ മാർച്ച്‌ 18ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. പി കെ ബിജു മാനേജറായ ജാഥയിൽ എം സ്വരാജ്‌, സി എസ്‌ സുജാത, കെ ടി ജലീൽ, ജെയ്‌ക്‌ സി തോമസ്‌ എന്നിവർ സ്ഥിരാംഗങ്ങളായിരിക്കും. ജാഥയുടെ മറ്റ്‌ വിശദാംശങ്ങൾ പിന്നീട്‌ അറിയിക്കും. തൊഴിലില്ലാത്മയും പട്ടിണിയും വർധിക്കുന്ന രാജ്യത്തെ പൊതുസാഹചര്യവും ബദൽ നയങ്ങൾ ഉയർത്തി കേരള സർക്കാർ ജനങ്ങൾക്ക്‌ നൽകുന്ന ആശ്വാസ നടപടികളും ജാഥയിൽ വിശദീകരിക്കും. ജീവിതം ദുരിതത്തിലാക്കുന്ന വിലക്കയറ്റമാണ്‌ രാജ്യത്താകെയുള്ളത്‌. ഒരു പരിഹാരവും കേന്ദ്രം ചെയ്യുന്നില്ല. വർഗീയ വിഭജനത്തിന്‌ ഏതറ്റംവരേയും പോകുമെന്നാണ്‌ ആർഎസ്‌എസ്‌ മേധാവി മോഹൻഭാഗവതിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്‌. ആയിരമാണ്ടായി തുടരുന്ന ഹിന്ദുക്കളുടെ യുദ്ധം മൂർഛ കൂട്ടി തുടരണമെന്ന്‌ പറയുന്നത്‌  ജനാധിപത്യ, മതനരപേക്ഷ ജനതയോടുള്ള വെല്ലുവിളിയും ഭയപ്പെടുത്തലുമാണ്‌. ഏക സിവിൽകോട്‌ നടപ്പാക്കുമെന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവനയും ഗൗരവത്തോടെ കാണണം. ഹിന്ദുരാഷ്‌ട്ര പ്രഖ്യാപന അജണ്ടയുടെ ഭാഗമാണിതെല്ലാം. ഗവർണറുടെ നിലപാടിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ പാർട്ടി സമീപനമെടുക്കുന്നത്‌. ഭരണഘടനാപരമായി ഗവർണർ പ്രവർത്തിച്ചാൽ അതിനെ എതിർക്കേണ്ട കാര്യമില്ല. വിദേശ സർവകലാശാലകളെ നേരിട്ട്‌ ഏകപക്ഷീയമായി കൊണ്ടുവരികയല്ല, ആവശ്യമായ ചർച്ചകൾ നടത്തുകയാണ്‌ കേന്ദ്രം ചെയ്യേണ്ടത്‌. പാർലമെന്റിലേക്കില്ലെന്ന കോൺഗ്രസ്‌ എംപി മാരുടെ നിലപാട്‌ അവർക്ക്‌ ഒന്നും ചെയ്യാൻ കഴിയാത്തതിൽ നിന്നുണ്ടായതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News