പോർമുഖം തുറന്നു, 
പൊട്ടിത്തെറിയിലേക്ക്‌ ; കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ എം കെ രാഘവനും കെ മുരളീധരനും



തിരുവനന്തപുരം നോട്ടീസ്‌ നൽകി എതിർശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള കോൺഗ്രസ്‌ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പുതിയ പോർമുഖം തുറന്ന്‌, എംപിമാരായ എം കെ രാഘവനും കെ മുരളീധരനും. ഉമ്മൻചാണ്ടിയെപ്പോലും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞുവെന്ന്‌ ഓൺലൈൻ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ രാഘവൻ ആഞ്ഞടിച്ചു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ചതോടെയാണ്‌ രാഘവൻ നേതൃത്വത്തിന്റെ കണ്ണിലെ കരടായത്‌. മുരളീധരനും തരൂർ പക്ഷത്ത്‌ നിലയുറപ്പിച്ചതോടെ പോരുമുറുകി. കൂട്ടായ ചർച്ചകളില്ലെന്നും സുധാകരനും സതീശനും ചേർന്ന്‌ തീരുമാനിക്കുന്നതേ നടക്കുന്നുള്ളൂവെന്നും ഏറെക്കാലമായി അടക്കംപറച്ചിലുണ്ട്‌. ഇതാണ്‌ രാഘവൻ കോഴിക്കോട്ട്‌ തുറന്നുപറഞ്ഞത്‌. പരസ്യ പ്രസ്താവനകളും കൊമ്പുകോർക്കലും കോൺഗ്രസിൽ പതിവാണ്‌. എന്നാൽ, തനിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കമാൻഡിനും തിടുക്കമെന്ന പരാതി രാഘവനുണ്ട്‌. പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ ആശീർവാദത്തോടെയാണ്‌ നീക്കമെന്നും ഇവർ വിശ്വസിക്കുന്നു. പലരും നടത്തിയ പ്രസ്താവനകളുടെ പകർപ്പ്‌ തന്റെ കൈവശമുണ്ടെന്നും ഇവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കേണ്ടി വരുമെന്നും രാഘവൻ തുറന്നടിക്കുന്നത്‌ സുധാകരനടക്കമുള്ളവരെ ലക്ഷ്യമിട്ടാണ്‌. പുകഴ്‌ത്തുന്നവർക്കേ ഇപ്പോൾ കോൺഗ്രസിൽ സ്ഥാനമുള്ളൂവെന്നതിന്റെ തെളിവാണ്‌ അർഹരായ പലരും പുറത്തു നിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടി നൽകിയ എഐസിസി പട്ടിക നേതൃത്വം തള്ളിയിരുന്നു. മുൻ മുഖ്യമന്ത്രിയായ ഒരാൾ രോഗശയ്യയിലിരുന്ന്‌ നൽകിയ കത്ത്‌ മാനിക്കുന്നില്ലെന്നത്‌ വിഷമകരമായതിനാലാണ്‌ ഉപയോഗിച്ചു തള്ളുകയെന്ന പ്രസ്താവന നടത്തിയതെന്ന്‌ രാഘവൻ പറയുന്നു. എഐസിസിയുടെ ഉന്നത പദവികളിലേക്ക്‌ തരൂരിനെ പരിഗണിക്കേണ്ടത്‌ മുകളിൽ നിന്നാണെന്ന്‌ പറയുമ്പോൾ ഹൈക്കമാൻഡിനോടുള്ള അതൃപ്‌തി കൂടിയാണ്‌ വ്യക്തമാക്കുന്നത്‌. വീണ്ടും തഴഞ്ഞാൽ എന്താകുമെന്ന്‌ ഇപ്പോൾ പറയാനാകില്ലെന്നതിൽ കോൺഗ്രസിനുള്ളിൽ ആസന്നമായിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനകളുമുണ്ട്‌.   Read on deshabhimani.com

Related News