ജ്വല്ലറി തട്ടിപ്പ്: കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ പരിശോധന; രേഖകൾ കണ്ടെടുത്തു



തൃക്കരിപ്പൂർ > 150 കോടിരൂപയുടെ ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീന്റെയും ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം ടി കെ പൂക്കോയ തങ്ങളുടെയും വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. പൂക്കോയ തങ്ങളുടെ ചന്തേരയിലുള്ള വീട്ടിൽ ഒരു മണിക്കൂറോളമാണ് പരിശോധന നടത്തിയത്. ചില രേഖകൾ പൊലീസ് കണ്ടെടുത്തു. കമറുദ്ദീന്റെ എടച്ചാക്കൈയിലുള്ള വീട്ടിലും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ്, ചന്തേര ഇൻസ്‌പെക്ടർ പി നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എംഎൽഎയും പൂക്കോയ തങ്ങളും ഒളിവിലാണെന്നാണ് നിക്ഷേപകർ പറയുന്നത്. ജ്വലറി തട്ടിപ്പുമായി ബന്ധപ്പെട്ടെ ഏഴ് കേസുകൾ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറി. 800 ഓളം നിക്ഷേപകരിൽനിന്ന് 150 കോടി രൂപ  തട്ടിയെടുത്ത സംഭവത്തിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ  11 ഉം  കാസർകോട് സ്റ്റേഷനിൽ  അഞ്ച് കേസും എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  നിയമ വിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചതിന് സിവിൽ, ക്രിമിനൽ കേസുകൾ വേറെയുമുണ്ട്. അഞ്ച് ചെക്കുകേസുകളിൽ നേരിട്ട് ഹാജരാകാൻ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു. ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴുപേർ  ജില്ലാ പൊലീസ് ചീഫിന് നേരത്തെ പരാതി നൽകിയിരുന്നു.  സിവിൽ കേസായാണ് പരിഗണിച്ചത്. ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിക്കുകയും  തിരിച്ചുചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ക്രിമിനൽ കേസെടുത്തത്. ആദ്യ മൂന്ന് പരാതികളിൽ ചന്തേര പൊലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചതോടെ  കൂടുതൽ പരാതിക്കാർ രംഗത്തുവരികയായിരുന്നു. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് പണപ്പിരിവ് 2013ലാണ്  എം സി ഖമറുദ്ദീൻ ചെയർമാനും  മുസ്ലിംലീഗ്  കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗം ടി കെ പൂക്കോയ തങ്ങൾ എംഡിയുമായി  ചെറുവത്തൂരിൽ  ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ  ജ്വല്ലറി തുടങ്ങിയത്.  പൊതുപ്രവർത്തകരെന്ന സ്വാധീനം ഉപയോഗപ്പെടുത്തി ഇവർ ജ്വല്ലറിക്ക്  കോടികൾ നിക്ഷേപമായി സ്വീകരിച്ചു.  ഡയറക്ടർമാരായ 15 പേരും ലീഗ്  നേതാക്കളാണ്. കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും ലീഗ് പ്രവർത്തകരാണ്. 2014ൽ കാസർകോടും 15ൽ പയ്യന്നൂരിലും ശാഖ ആരംഭിച്ചു.  2017 മുതൽ ജ്വല്ലറി നഷ്ടത്തിലാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.  ജ്വല്ലറിക്ക് 2019 ജൂണിൽവരെ  മുദ്രപത്രത്തിൽ കരാർ എഴുതി ലക്ഷങ്ങൾ സമാഹരിച്ചു. ജ്വല്ലറിയുടെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട്  ബ്രാഞ്ചുകൾ  കഴിഞ്ഞ ജനുവരിയിൽ നവീകരിക്കാനെന്നപേരിൽ അടച്ചു.  കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും വിറ്റു.  ഇതോടെയാണ് നിക്ഷേപകർ പരാതിയുമായെത്തിയത്.  തട്ടിപ്പ് മുന്നൊരുക്കത്തോടെ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്.  ഫാഷൻ ഗോൾഡിന്റെ  മൂന്ന് ബ്രാഞ്ചും പൂട്ടിയശേഷവും  എംഎൽഎയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചു.  അതിനിടെ കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും വിറ്റു.  കാഞ്ഞങ്ങാട് നിർമാണത്തിലിരുന്ന ഷോറൂം കഴിഞ്ഞ ഫെബ്രുവരിയിൽ ബിനാമികൾ മുഖേന മറ്റൊരു  ജ്വല്ലറി ഗ്രൂപ്പിന് കൈമാറി.  ബംഗളൂരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടർ ഏറ്റെടുത്തു. പണവും ലാഭവിഹിതവും ലഭിക്കാതായപ്പോൾ നിക്ഷേപകർ  പണം തിരിച്ചുചോദിച്ച് തുടങ്ങിയതോടെ കഴിഞ്ഞ ഡിസംബറിൽ  വിദേശത്തേക്ക് മുങ്ങിയ എംഎൽഎ മൂന്ന് മാസത്തിന്ശേഷം മാർച്ച് രണ്ടിനാണ്  തിരിച്ചെത്തിയത്. നിക്ഷേപകർ കോഴിക്കോട് വിമാനത്താവളത്തിലെത്തി പണം ആവശ്യപ്പെട്ടു. തുടർന്ന്  മധ്യസ്ഥർ മുഖേന കണ്ണൂർ ഗസ്റ്റ് ഹൗസിൽ ചർച്ചക്ക് തയ്യാറായി. താൻ ജ്വല്ലറിയിലെ ജോലിക്കാരൻ മാത്രമാണെന്ന വാദമുന്നയിച്ച് രക്ഷപ്പെടാനാണ് അന്ന് ശ്രമിച്ചത്. ന്യായീകരിച്ച് ലീഗ് സാമ്പത്തിക പ്രതിസന്ധിയാണ് ജ്വല്ലറിയുടെ തകർച്ചക്ക് കാരണമെന്നാണ് ലീഗ് നേതാക്കളുടെ ന്യായീകരണം. അതേസമയം എംസി ഖമറുദ്ദീനോട്  യുഡിഎഫ്  ചെയർമാൻ സ്ഥാനം ഒഴിയണമെന്ന്  മുസ്ലിംലീഗ്  നേതൃത്വം ആവശ്യപ്പെട്ടു.  ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക്  പരിഗണിക്കുന്നത്. Read on deshabhimani.com

Related News