മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അചഞ്ചലമായ മതനിരപേക്ഷബോധം വേണം: എം ബി രാജേഷ്



കൊച്ചി > അചഞ്ചലമായ മതനിരപേക്ഷബോധം മാധ്യമപ്രവർത്തകർക്ക്‌ ഉണ്ടാകണമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്റെ (ജിഎംപിസി) വെബ്‌സൈറ്റ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും പോറലേൽപ്പിക്കുന്നതൊന്നും തങ്ങളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ലെന്ന നിതാന്തജാഗ്രത മാധ്യമപ്രവർത്തകർക്കുണ്ടാകണം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. വിഷം വമിപ്പിക്കുന്നതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. വിവേകശൂന്യമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ടവർ പറയുന്നു. ഈ പറച്ചിലുകൾ വാർത്തയാക്കണമെന്ന നിർബന്ധം മാധ്യമങ്ങൾ ഉപേക്ഷിക്കണം. സമൂഹത്തിന്റെ സഹവർത്തിത്വം, ജനകീയ ഐക്യം, സമുദായ സൗഹാർദം എന്നിവയ്ക്ക്‌ പോറലേൽപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമായ കാര്യങ്ങളുടെ പ്രചാരകരാകില്ലെന്ന്‌ തീരുമാനിക്കുന്നത്‌ പ്രധാനപ്പെട്ട യോഗ്യതയായി മാധ്യമപ്രവർത്തകർ കണക്കാക്കണം. ലാഭം ലക്ഷ്യമാകുന്ന വ്യവസായമായി മാധ്യമങ്ങൾ മാറുന്നത്‌ മാധ്യമപ്രവർത്തകർക്ക്‌ സമ്മർദവും വെല്ലുവിളിയുമാകുന്നുണ്ട്. അത്‌ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിനു പരിമിതികളും പരിധികളും സൃഷ്ടിക്കുന്നു. മൂലധനശക്തികളുടെ പ്രലോഭനങ്ങളിൽ പെടാതെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ മുന്നോട്ടുപോകാൻ സാധിക്കണം. അഫ്ഗാനിസ്ഥാനിൽമാത്രമല്ല, ഇന്ത്യയിലും മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നുണ്ട്. പത്രസ്വാതന്ത്ര്യത്തിന്റെ സൂചികയിൽ ഇന്ത്യ പിന്നിലായെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായി. എറണാകുളം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ മലയാളി പ്രസ്‌ക്ലബ്‌ പ്രസിഡന്റ് ജോർജ് കള്ളിവയലിൽ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, അനിൽ അടൂർ, ജോസ് കുമ്പിളുവേലിൽ, പി ടി അലവി, ചിത്ര കെ മേനോൻ, ഉബൈദ് എടവണ്ണ, സണ്ണി മണർകാട്ട്, താര മേനോൻ എന്നിവർ സംസാരിച്ചു. Caption : ചിത്രം   Read on deshabhimani.com

Related News