കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ക്കായി "ഷീസ്റ്റാര്‍ട്ട്' പദ്ധതി തുടങ്ങും: മന്ത്രി എം ബി രാജേഷ്



കൂറ്റനാട് > കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്നതിന് ആമസോണ്‍ മാതൃകയില്‍ ‘ഷീസ്റ്റാര്‍ട്ട്’ പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ തദ്ദേശഭരണ മന്ത്രി എം ബി രാജേഷ്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിച്ച സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള ‘ലക്ഷ്യ - 2022’ മെഗാ തൊഴിൽമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ തൊഴിലവസരം ഒരുക്കാനും കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കാനുമുള്ള പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്‌.   നോളജ് ഇക്കണോമി മിഷന്‍ പദ്ധതിയിലൂടെ ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ 54 ലക്ഷം തൊഴില്‍ അന്വേഷകരെയാണ് കണ്ടെത്തിയത്. ഇതില്‍ 22 മുതല്‍ 40 വയസ് വരെയുള്ള 27 ലക്ഷം പേരുണ്ട് - അദ്ദേഹം പറഞ്ഞു.   മികച്ച തൊഴില്‍ യോഗ്യതകള്‍ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താത്ത വീട്ടമ്മമാരുടെ വലിയ ഒരു ശതമാനം കേരളത്തിലുണ്ട്‌. സ്വകാര്യ ഏജന്‍സികളില്‍ ചിലത്‌ തൊഴില്‍മേളകളെ ചൂഷണത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതായുള്ള പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.   വട്ടേനാട് ഗവ.ഹൈസ്‌കൂൾ ഓഡിറ്റോറിയത്തില്‍ നടന്ന തൊഴില്‍മേളയില്‍ 26 കമ്പനികള്‍ പങ്കെടുത്തു. ബാങ്കിങ്, ഹോസ്‌പിറ്റാലിറ്റി, മാനേജ്‌മെന്റ്, ഐടി, ഡിപ്ലോമ, ബിസിനസ്, സെയില്‍സ് ആൻഡ്‌ മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് മേഖലകളിലായി രണ്ടായിരത്തോളം ഒഴിവാണുണ്ടായിരുന്നത്.   പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് അധ്യക്ഷയായി. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷറഫുദീൻ കളത്തിൽ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി പ്രിയ, വാര്‍ഡ് അംഗം കെ സിനി, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി എം മൂസ, എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ് ബിനുരാജ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News