പ്രവാസികൾക്ക്‌ ഭക്ഷണം നൽകുന്നതിനെ ധൂർത്തെന്ന്‌ പറഞ്ഞതിൽ വേദനയുണ്ട്‌: യൂസഫലി



തിരുവനന്തപുരം> ഭക്ഷണം നൽകുന്നതിനെ ധൂർത്തെന്ന്‌ പറഞ്ഞ്‌ പ്രവാസികളുടെ മനസ്‌ ദുഃഖിപ്പിക്കരുതെന്ന് പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചതിൽ ദുഖമുണ്ട്‌. സ്വന്തം ചെലവിൽ ടിക്കറ്റെടുത്തുവന്ന പ്രവാസികൾക്ക്‌ ഭക്ഷണം നൽകുന്നതാണോ ധൂർത്ത്‌. കാലാകാലങ്ങളായി സർക്കാരുമായി സഹകരിക്കുന്നതാണോ ധൂർത്ത്‌. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിച്ച്‌ പ്രവാസികളെ വേദനിപ്പിക്കരുത്‌. ഇവിടെ വന്നിരിക്കുന്നവർ പണം ചെലവഴിക്കാൻ പറ്റാത്തവരല്ല. പ്രതിപക്ഷ സംഘടനകളുടെ ആളുകളും ഇവിടെ വന്നിട്ടുണ്ട്‌. അവർ പറഞ്ഞു തങ്ങളുടെ നേതാക്കളുടെ നിലപാടിൽ ദു:ഖമുണ്ടെന്ന്‌. നാട്ടിൽനിന്ന്‌ നേതാക്കൾ വിദേശത്തുവന്നാൽ കൊണ്ടുനടക്കുന്നത്‌ ഞങ്ങളാണ്‌. എന്തു സൗകര്യവും ചെയ്‌തുകൊടുക്കും. അത്‌ ഞങ്ങളുടെ ചുമതലയായാണ്‌ കാണുന്നത്‌. അങ്ങനെയൊക്കെ ചെയ്യുന്ന നമ്മൾ ഇവിടെ വരുമ്പോൾ ഭക്ഷണം കഴിക്കുന്നത്‌ ധൂർത്താണെന്നു പറയുമ്പോൾ വിഷമമുണ്ട്‌. പ്രവാസികളുടെ കാര്യത്തിൽ മുമ്പ്‌ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചാണ്‌ പ്രവർത്തിച്ചിരുന്നത്‌. ഇപ്പോൾ എന്തുപറ്റിയെന്ന്‌ അറിയില്ല. പ്രവാസികളുടെ കാര്യത്തിലും വികസന കാര്യത്തിലും ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിൽക്കണം. കെ കരുണാകരന്റെ കാലത്ത്‌ തുടക്കം കുറിച്ച കൊച്ചി വിമാനത്താവളം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്‌തത്‌ ഇ കെ നായനാരാണ്‌. വികസന കാര്യത്തിൽ അവർ യോജിച്ചിരുന്നു. ഇപ്പോൾ എന്താണെന്ന്‌ അറിയില്ല. അനാവശ്യവായ വിവാദങ്ങളുണ്ടാക്കുന്നു. എല്ലാറ്റിനെയും നെഗറ്റീവായി കാണുന്ന ഒരു വിഭാഗമുണ്ട്‌. തെറ്റു മാത്രം പറയുന്ന ചില മാധ്യമങ്ങളുണ്ട്‌. കഥയിൽനിന്ന്‌ കഥ സൃഷ്ടിക്കുകയാണവർ. സർക്കാർ നമ്മളെ വിളിക്കുന്നു. അന്തസോടെ നമുക്കിവിടെ ഇരിക്കാൻ കഴിയുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നമ്മളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നു. പ്രവാസികൾക്ക്‌ എന്തു സഹായം ചെയ്യാൻ സാധിക്കുമെന്ന്‌ ചിന്തിക്കുന്നു. ഇത്‌ പ്രവാസികളായ നമുക്ക്‌ അഭിമാനമാണ്‌. ഇന്നത്തെ ഭരണപക്ഷം ഏതെങ്കിലും കാലത്ത്‌ പ്രതിപക്ഷത്തു വന്നാലും ഇതിനെ ബഹിഷ്‌കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News