ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസമേഖലയുടെ ആർഎസ്‌എസ്‌ വൽക്കരണത്തിന്‌: എം എ ബേബി



വെള്ളറട > ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ ആർഎസ്‌എസ്‌ അജൻഡ അനുസരിച്ച്‌ ഉടച്ചുവാർക്കുകയാണ്‌ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ കുന്നത്തുകാലിൽ ‘ദേശീയ വിദ്യാഭ്യാസനയം- പ്രശ്‌നങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.       അമിതകേന്ദ്രീകരണം, വർഗീയവൽക്കരണം, വാണിജ്യവൽക്കരണം എന്നീ മൂന്നു ലക്ഷ്യമാണ്‌ നയത്തിന്റെ കാതൽ. അടിയന്തരാവസ്ഥയുടെ നാളുകളിൽ സംസ്ഥാന പട്ടികയിൽനിന്ന്‌ സമവർത്തിപ്പട്ടികയിലേക്ക്‌ മാറ്റിയ വിദ്യാഭ്യാസരംഗത്തെ കൂടുതൽ കേന്ദ്രീകരിക്കുന്നതാണ്‌ പുതിയ നയം. സംസ്ഥാനങ്ങൾക്ക്‌ വിദ്യാഭ്യാസ രംഗത്തിൻമേലുള്ള അധികാരങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ്‌ പുതിയ നയം.   പ്രവേശനപരീക്ഷകൾ പൂർണമായി കേന്ദ്രത്തിന്റെ ചുമതലയിൽ വരുത്തുന്നത്‌ ശാസ്‌ത്രീയമായ പ്രവേശന സമ്പ്രദായങ്ങളെ അട്ടിമറിക്കും. സാമുദായിക, പ്രാദേശിക സംവരണങ്ങളടക്കം അട്ടിമറിക്കപ്പെടും. മൂന്നു വയസ്സിനുമേലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു പറയുന്നത്‌ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള ദുഷ്ടബുദ്ധിയാണ്‌.    വിദ്യാഭ്യാസരംഗത്ത്‌ രാജ്യത്ത്‌ ആർഎസ്‌എസിന്‌ വലിയ ശൃംഖലയുണ്ട്‌. അതിലേക്ക്‌ കുഞ്ഞുങ്ങളെ വശീകരിച്ചുകൊണ്ടുപോകാനുള്ള കർമപദ്ധതിയാണ്‌ ഇത്‌.  വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ആർഎസ്എസ്‌ അജൻഡ അടിച്ചേൽപ്പിക്കുന്ന പുതിയ നയം വാണിജ്യവൽക്കരണംകൂടി ലക്ഷ്യമിടുന്നു. രാജ്യത്തിനു പുറത്തുള്ള വിദ്യാഭ്യാസക്കച്ചവടക്കാരെക്കൂടി സഹായിക്കുംവിധമാണ്‌ നയത്തിലെ ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു.   സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, ജില്ലാ സെക്രട്ടറിയറ്റംഗം എൻ രതീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം എം ജി മീനാംബിക, വിനോദ്‌ വൈശാഖി, വി എസ്‌ ഉദയൻ, ടി വിനോദ്‌, ആർ അമ്പിളി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News