കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും 
മാധ്യമങ്ങളെ വരുതിയിലാക്കുന്നു: എം എ ബേബി



കണ്ണൂർ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ചും കേന്ദ്രസർക്കാർ മാധ്യമങ്ങളെ വരുതിയിലാക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ദേശാഭിമാനി എൺപതാം വാർഷികത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച  ‘മാധ്യമങ്ങളിലെ കാവിവൽക്കരണം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുതിയിൽ നിൽക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. കോർപ്പറേറ്റുകളെ ഉപയോഗിച്ച് മാധ്യമങ്ങളെ വിലയ്ക്കുവാങ്ങുന്നു. എൻഡിടിവി പോലെയുള്ള മാധ്യമങ്ങളുടെ ഓഹരിയും വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ഒരുകാലത്ത് മതേതര നിലപാട് സ്വീകരിച്ച ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’വിനെ ഏറ്റെടുക്കാൻ ഒരു കുത്തക തയ്യാറായി നിൽക്കുന്നു. ഇഡി എടുത്ത ഒരു ശതമാനം കേസുപോലും ശിക്ഷിക്കപ്പെട്ടില്ലെന്നത്‌ ഇത്തരം ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ഗുണ്ടാ–-മാഫിയാ സംഘമായാണ് ഇഡി പ്രവർത്തിക്കുന്നത്. ചെറുത്തുനിൽക്കുന്നവരുടെ നിലനിൽപ്പുപോലും ഇല്ലാതാക്കുകയാണ്. 2002ലെ ഗുജറാത്ത്‌ കലാപകാലത്ത്‌ അവിടുത്തെ മൂന്ന് പ്രമുഖ മാധ്യമങ്ങൾ ഹിന്ദുവർഗീയശക്തികൾക്കായി നിലകൊണ്ടത്‌ എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ കണ്ടെത്തിയിരുന്നു. ഗുജറാത്തിൽ നടത്തിയ പരീക്ഷണമാണ്‌ ഇന്ന് ദേശവ്യാപകമായി മാധ്യമങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികൾ നടത്തുന്നത്. ഇതിനെതിരായ ചെറുത്തുനിൽപ്പാണ് കാലം ആവശ്യപ്പെടുന്നത്. ഡൽഹിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘപരിവാർ വാർ റൂം രാജ്യത്തെ മുഴുവൻ വാർത്തകളിലും സദാ ഇടപെട്ടുകൊണ്ടിരിക്കുന്നു. സിനിമ ഉൾപ്പെടെയുള്ള മേഖലകളിലും കാവിവൽക്കരണം ശക്തമാണ്‌.  ആധുനിക ശാസ്ത്ര–-സാങ്കേതിക വിദ്യ ഉപയോഗിച്ച് വർഗീയ ചരിത്രനിർമിതി ബോധപൂർവം നടത്തുന്നു. സിനിമകളടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജനിർമിതികളെ സ്വീകാര്യമാക്കാനുള്ള തന്ത്രമാണ്‌ പയറ്റുന്നത്. ഇതിലെ വർഗീയ ഉള്ളടക്കം ജനങ്ങളുടെ ഉള്ളിലേക്ക് അറിയാതെ എത്തുകയാണെന്നും എം എ ബേബി പറഞ്ഞു. Read on deshabhimani.com

Related News