ലോക കേരളസഭ ; യൂറോപ്പ് , യുകെ 
മേഖലാ സമ്മേളനം 
നാളെ ലണ്ടനിൽ



തിരുവനന്തപുരം ലോക കേരളസഭയുടെ ഭാഗമായുള്ള യൂറോപ്പ് -യുകെ മേഖലാസമ്മേളനം ഞായറാഴ്‌ച ലണ്ടനിൽ നടക്കും. സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ രാവിലെ ഒമ്പതിന് (ഇന്ത്യൻ സമയം പകൽ 1.30ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൂണിൽ തിരുവനന്തപുരത്ത്‌ ചേർന്ന മൂന്നാം ലോക കേരളസഭയിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിനൊപ്പം പ്രവർത്തനം വിപുലപ്പെടുത്തുകയും ലക്ഷ്യമാണ്‌. യൂറോപ്യൻ മേഖലയിലെ അംഗങ്ങളും വിവിധ തൊഴിൽ മേഖലയിൽനിന്നുള്ള അതിഥികളും പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ കഴിവ്‌ തെളിയിച്ച മലയാളികളും വിദ്യാർഥി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും ക്ഷണിതാക്കളാണ്. നവകേരള നിർമാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹനിർമിതിയും പ്രവാസലോകവും, ലോക കേരളസഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും വിഷയങ്ങളിൽ ചർച്ച നടക്കും. പ്രൊഫ. വി കെ രാമചന്ദ്രൻ, പി ശ്രീരാമകൃഷ്ണൻ, ഡോ. കെ രവി രാമൻ, ഡോ. എം അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകും. സമ്മേളനത്തോട്‌ അനുബന്ധിച്ച് പ്രവാസി മലയാളി സമ്മേളനവും നടക്കും. വൈകിട്ട്‌ നാലിന്‌ (ഇന്ത്യൻ സമയം രാത്രി 8.30ന്) പ്രവാസി പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി, മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ്‌ തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com

Related News