വി വി രാജേഷിന്‌ മൂന്നിടത്ത്‌ വോട്ട്‌; തെരഞ്ഞെടുപ്പ്‌ കമീഷനിൽ പരാതി



തിരുവനന്തപുരം >  ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിന്‌ മൂന്നിടത്ത്‌ വോട്ട്‌. തിരുവനന്തപുരം നഗരസഭയിലേക്ക്‌ മത്സരിക്കുന്ന രാജേഷ്‌ നടത്തിയത്‌ ഗുരുതര നിയമലംഘനം. ഇക്കാര്യം തെരഞ്ഞെടുപ്പ്‌ കമീഷൻ പരിശോധന ആരംഭിച്ചു.   രാജേഷിന്‌‌ ഇരട്ട വോട്ടുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ്‌ മൂന്നാമതൊരിടത്ത്‌ കൂടി വോട്ടർപട്ടികയിൽ പേരുള്ളതായി കണ്ടെത്തിയത്‌. നവംബർ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപറേഷനിലെ രണ്ട് വാർഡിലെ വോട്ടർപട്ടികയിലും പേരുണ്ട്.   നെടുമങ്ങാടുള്ള ‘മായ’ എന്ന കുടുംബ വീടിന്റെ വിലാസത്തിൽ മുനിസിപ്പാലിറ്റിയിലെ 16–--ാം വാർഡായ കൊറളിയോട് വോട്ടർപട്ടികയിലെ ഒന്നാം ഭാഗത്തിൽ ക്രമനമ്പർ–-72 ആയി വേലായുധൻനായർ മകൻ രാജേഷ് (42 വയസ്സ്‌) എന്ന് ചേർത്തിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ 82–--ാം നമ്പർ വാർഡായ വഞ്ചിയൂരിലെ എട്ട് ഭാഗമുള്ള വോട്ടർപട്ടികയിൽ മൂന്നാം ഭാഗത്തിൽ രാജേഷ് എന്ന വിലാസത്തിൽ 1042–--ാം ക്രമനമ്പരായി വേലായുധൻനായർ മകൻ വി വി രാജേഷ് എന്നുണ്ട്‌.   കൂടാതെ പിടിപി നഗർ വാർഡിലെ വോട്ടർ പട്ടികയിലും പേരുണ്ട്‌. പിടിപി വാർഡിൽ ഭാഗം മൂന്നിൽ ക്രമനമ്പർ 878-ൽ ശിവശക്തി മേൽവിലാസത്തിൽ വേലായുധൻനായർ മകൻ രാജേഷ് (വയസ്സ്‌ 43)- എന്നാണുള്ളത്‌. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട്‌ പ്രകാരം ഒന്നിലധികം വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നത്‌ നിയമവിരുദ്ധമാണ്‌. വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്ന സമയത്ത്‌ മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്‌താവന സഹിതമാണ്‌ അപേക്ഷ നൽകുന്നത്‌.   രാജേഷ് കേരള മുനിസിപ്പാലിറ്റി ആക്ട്‌ ലംഘിച്ചതായി തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. സിപിഐ ജില്ലാസെക്രട്ടറി ജി ആർ അനിലാണ്‌ പരാതി നൽകിയത്‌. Read on deshabhimani.com

Related News