തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം എൽഡിഎഫിന് ജനപിന്തുണ വർധിച്ചതിന്‌ തെളിവ്‌: മുഖ്യമന്ത്രി



തിരുവനന്തപുരം> തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എൽഡിഎഫിനുള്ള ജനപിന്തുണ അനുദിനം വർധിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 42 ൽ 24 ഉം നേടി ഉജ്വല വിജയം. ഏഴ്‌ വാർഡുകൾ യുഡിഎഫിൽ നിന്നും രണ്ട്‌ വാർഡുകൾ ബിജെപിയിൽ നിന്നും പിടിച്ചെടുത്ത്‌  വിജയത്തിന്റെ മാറ്റുകൂട്ടി. എൽഡിഎഫ് സർക്കാരിന്റെ ജനകീയ, വികസന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന ജനങ്ങളുടെ ആഗ്രഹമാണ്  ഫലം പ്രതിഫലിപ്പിക്കുന്നത്. യുഡിഎഫിന്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതും. രാഷ്ട്രീയ നൈതികത പൂർണമായും കൈമോശം വന്ന യുഡിഎഫും ബിജെപിയും ചില പ്രദേശങ്ങളിൽ ഒത്തു ചേർന്ന് രൂപം നൽകിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറനീക്കി. അത്തരം സങ്കുചിത നീക്കങ്ങൾ തള്ളിയാണ്‌ ജനം എൽഡിഎഫിൽ വിശ്വാസമർപ്പിച്ചത്‌. തുടർച്ചയായ കുപ്രചാരണങ്ങൾക്ക് ഒപ്പമല്ല,  പുരോഗതിയിലേക്കുള്ള നയങ്ങൾക്കൊപ്പമാണ്‌ ജനങ്ങൾ. അത്‌ അളവറ്റ ആത്‌മവിശ്വാസവും പ്രചോദനവും പകരുന്നു.  എൽഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയപൂർവ്വം നന്ദി പറയുന്നു. വിജയികളെയും വിജയത്തിനായി പ്രയത്നിച്ച പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News