പൊടിപോലുമില്ല കണ്ടുപിടിക്കാൻ; കെഎസ്‌യു ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക മുക്കി



കൊച്ചി > ഇടുക്കി എൻജിനീയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ കൊല്ലപ്പെട്ടതിന്‌ പിന്നാലെ കെഎസ്‌യുക്കാർ നടത്തിയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്‌. നൂറുകണക്കിന് കെഎസ്‌യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്കാരുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിയായിട്ടുണ്ടെന്ന് ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകന് പോലും എസ്എഫ്ഐയാല്‍ കേരളത്തിലെ ക്യാമ്പസില്‍ കൊല ചെയ്യപ്പെട്ടിട്ടില്ല എന്ന്‌ വ്യക്തമായതോടെ പുതിയ പണികളുമായി ഇറങ്ങിയിരിക്കുകയാണ്‌ അവർ. കെപിസിസി പ്രസിഡന്റിന്റെ കള്ളം പൊളിയാതിരിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നും രക്തസാക്ഷികളുടെ പട്ടിക തന്നെ കെഎസ്‌യു മുക്കി. നൂറുകണക്കിന് കെഎസ്‌യു പ്രവര്‍ത്തകര്‍ കേരളത്തിലെ ക്യാമ്പസുകളിൽ രക്തസാക്ഷിയായിട്ടുണ്ടെന്ന് സുധാകരന്‍ അവകാശപ്പെട്ടതിന്‌ പിന്നാലെയാണ്‌ പട്ടിക അപ്രത്യക്ഷമായത്‌. കെഎസ്‌യുവിന്‍റെ സൈറ്റില്‍  ഔവര്‍ ഓര്‍ഗനൈസേഷന്‍ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത്. എന്നാല്‍ ഇത് തുറക്കുമ്പോള്‍ Object not found! എന്നാണ് കാണിക്കുന്നത്. തുറന്ന പേജ് ഔട്ട്ഡേറ്റഡായി എന്നും എഴുതികാണിക്കുന്നുണ്ട്. മുന്‍പ് ഈ പേജ് ലഭിച്ചിരുന്നു, ഇതില്‍ ഏഴു രക്തസാക്ഷികളുടെ പേരുകളാണ് ഉണ്ടായിരുന്നത്. സുധാകര്‍ അക്കിത്തായ്, ശാന്താറാം ഷേണായി, തേവര മുരളി, ഫ്രാന്‍സിസ് കരിപ്പായി, കെ പി സജിത് ലാല്‍, ആറ്റിങ്ങല്‍ വിജയകുമാര്‍, അറയ്ക്കല്‍ സിജു എന്നിവരാണ് ഇതില്‍ ഉണ്ടായിരുന്നത്. ഏഴ്‌ രക്തസാക്ഷികളുടെ ചരിത്രം പറയുന്ന കെഎസ്‌യു അതിൽ ഒരു സംഭവത്തിലും പ്രതി എസ്‌എഫ്‌ഐ ആണെന്ന്‌ ആരോപിച്ചിരുന്നില്ല. സുധാകരന്റെ പ്രസ്‌താവനയോടെയാണ്‌ രക്തസാക്ഷികളുടെ പട്ടിക കെഎസ്‌യു മുക്കിയത്‌. ക്യാമ്പസുകളിൽ പിടഞ്ഞുവീണ 35 എസ്‌എഫ്‌ഐ പ്രവർത്തകരിൽ 12 പേരുടെ രക്തസാക്ഷിത്വത്തിലും കെഎസ്‌യുവിന്റെ ചോരക്കൊതിയുണ്ട്‌. കാസർകോട്‌ സുധാകർ അക്കിദായി, ശാന്തറാം ഷേണായി, കൊച്ചിയിൽ തേവര മുരളി തുടങ്ങിയവർ സംഘർഷസ്ഥലത്തുണ്ടായ പൊലീസ്‌ ലാത്തിച്ചർജിലും വെടിവയ്‌പിലും കൊല്ലപ്പെട്ടവരാണ്‌. അറയ്‌ക്കൽ സിജു സ്വകാര്യ ബസ്‌ ജീവനക്കാരുമായുണ്ടായ സംഘർഷത്തിനിടെയാണ്‌ കൊല്ലപ്പെട്ടതെങ്കിൽ ആറ്റിങ്ങൽ വിജയകുമാർ സംഘർഷം ചർച്ചചെയ്ത്‌ പരിഹരിക്കാനുള്ള നീക്കത്തിനിടെ കുത്തേറ്റ്‌ മരിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സജിത്‌ലാൽ ക്യാമ്പസിനു പുറത്ത്‌ കൊല്ലപ്പെട്ട സംഭവത്തിലും എസ്‌എഫ്‌ഐക്ക്‌ പങ്കുള്ളതായി കെഎസ്‌യു ആരോപിക്കുന്നില്ല. Read on deshabhimani.com

Related News