കേന്ദ്രത്തിനോട്‌ മൗനം, കേരളത്തോട്‌ പ്രതികാരം; മദ്യവിലയിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ്‌



തിരുവനന്തപുരം > സ്‌പിരിറ്റിന്‌, കേന്ദ്ര സർക്കാർ ഒറ്റയടിക്ക്‌ 25 ശതമാനം വില വർധിപ്പിച്ചപ്പോൾ മൗനംപാലിച്ച പ്രതിപക്ഷം മദ്യവിലയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നത്‌ ജനങ്ങളെ കബളിപ്പിക്കാൻ. മദ്യ ഉൽപ്പാദന പ്രതിസന്ധി പരിഹരിക്കാനാണ്‌ സർക്കാർ  ഇടപെട്ടതെന്ന വസ്‌തുതപോലും മറന്നാണ്‌ കള്ളപ്രചാരണം. മദ്യം ഉൽപ്പാദിപ്പിക്കാനുള്ള എക്‌ട്രാ നാച്വറൽ ആൾക്കഹോ (ഇഎൻഎ –- സ്‌പിരിറ്റ്‌)ളിന്റെ വില കേന്ദ്രം വർധിപ്പിച്ചതുപ്രകാരം, ബോട്ടിലിന്‌ 100 രൂപയെങ്കിലും വർധിപ്പിക്കേണ്ടയിടത്താണ്‌ സർക്കാർ പരമാവധി 10 രൂപമാത്രം കൂട്ടിയത്‌. വൻവിലയുള്ള ഏതാനും ഇനങ്ങൾക്കാണ്‌ 20 രൂപയെങ്കിലും വർധിക്കുന്നത്‌.  ആവശ്യക്കാരേറെയുള്ള മദ്യങ്ങൾക്കൊന്നും വില വർധിക്കുന്നുമില്ല. കേന്ദ്രനയം വരുത്തിവച്ച വിലവർധനയിൽ തടഞ്ഞ്‌ പ്രതിസന്ധി മറികടക്കാനാകാതെ സംസ്ഥാനത്തെ 16  ഡിസ്‌റ്റിലറി രണ്ട്‌ മാസംമുമ്പ്‌ ലേ ഓഫ്‌ ചെയ്‌തു. ഇവിടങ്ങളിലെ ജോലിക്കാരായ 5000 കുടുംബം പട്ടിണിയിലായപ്പോഴും പ്രതിപക്ഷം കണ്ട ഭാവംനടിച്ചില്ല. എന്നാൽ, മദ്യം ഉപയോഗിക്കുന്നവരെ സാമ്പത്തികമായി ബാധിക്കാത്ത രീതിയിൽ വിറ്റുവരവ്‌ നികുതി ക്രമീകരീച്ച്‌ സർക്കാർ പ്രതിസന്ധി പരിഹരിച്ചു. മദ്യംലഭിക്കാത്ത ജനങ്ങൾ വ്യാജമദ്യത്തിന്‌ പുറകെപോയി, മദ്യദുരന്തം വരുത്തിവയ്‌ക്കുമെന്നും അത്‌ മുതലെടുക്കാമെന്നുമായിരുന്നു പ്രതിപക്ഷ കണക്കുകൂട്ടൽ. സർക്കാർ ഇടപെടലിൽ അത്‌ പാളിപ്പോയി. ഇതോടെ നികുതി പുനക്രമീകരണത്തിൽ അഴിമതി ആരോപിച്ച്‌, വി ഡി സതീശനും രമേശ്‌ ചെന്നിത്തലയും ചാടിവീണു. ഇല്ലാത്ത വിലക്കയറ്റം ആരോപിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു തിടുക്കം. ഇഎൻഎ സ്‌പിരിറ്റ്‌  കേരളത്തിലെത്തുന്നത്‌ മധ്യപ്രദേശ്‌, കർണാടകം, പഞ്ചാബ്‌, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നാണ്‌. സ്‌പരിറ്റ്‌ വകഭേദങ്ങളായ ഇഎൻഎ, എഥനോൾ എന്നിവയിൽ എഥനോൾ കുത്തക പെട്രോളിയം കമ്പനികൾക്ക്‌ കേന്ദ്രം നൽകിയതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. എഥനോളിന്‌ വിലകൂട്ടിയതോടെ ഇഎൻഎ ഉൽപ്പാദനം കുറഞ്ഞു. ഇഎൻഎ വേണമെങ്കിൽ 25 ശതമാനത്തിലേറെ അധികവില നൽകണമെന്നായതോടെയാണ്‌ ഡിസ്റ്റിലറികളെല്ലാം ലേ ഓഫ്‌ ചെയ്‌തത്‌. Read on deshabhimani.com

Related News