12067 കുടുംബങ്ങൾക്ക്‌ കൂടി "ലൈഫ്‌" നൽകി കേരളം; അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകളെന്ന്‌ മുഖ്യമന്ത്രി



തിരുവനന്തപുരം > നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12,067 വീടുകൾ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയത്‌. ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആ മഹത്തായ ലക്ഷ്യത്തിലേക്ക് അടിയുറച്ച കാൽവയ്‌പുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യം നിറവേറ്റാൻ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 -2021 കാലയളവില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. 2021- 2026 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News