41 കുടുംബത്തിന്‌ ഇനി ജീവിതം പുതിയ ഫ്ലാറ്റിൽ

കരുതൽ... കരിമഠം കോളനിയിലെ 41 കുടുംബത്തിന്‌ ഫ്ലാറ്റ്‌ കൈമാറുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷിൽനിന്ന്‌ അമ്മിണിയമ്മ താക്കോൽ ഏറ്റുവാങ്ങുന്നു. മേയർ ആര്യ രാജേന്ദ്രൻ സമീപം


തിരുവനന്തപുരം> പുതിയ ഫ്ലാറ്റിൽനിന്നു നോക്കിയാൽ വർഷങ്ങളോളം തങ്ങൾ വീർപ്പുമുട്ടി കഴിഞ്ഞ ഓലയും ഷീറ്റും മേഞ്ഞ കുടിലുകൾ കാണാം കരിമഠം കോളനിയിലെ 41 കുടുംബത്തിനും.  ഇനി പക്ഷേ, അങ്ങോട്ടേക്കില്ല. തോരാമഴയിൽ വീട്ടിൽ വെള്ളം കയറുമെന്നോ മേൽക്കൂര പൊളിഞ്ഞുവീഴുമെന്നോയുള്ള പേടിയുമില്ല.  കരിമഠം കോളനിയിലെ 41 കുടുംബത്തിന്‌ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം തിങ്കളാഴ്ച സഫലമായി. തദ്ദേശമന്ത്രി എം ബി രാജേഷ്‌ പാലുകാച്ചൽ ചടങ്ങിൽ താക്കോൽ മൈാറി.   പഴയ കുടിലുകൾ പൊളിച്ച്‌ അവിടെ പുതിയ ഫ്ലാറ്റ്‌ സമുച്ചയവും ഉടൻ ഉയരും. ലൈലാബീവിക്ക്‌ അനുവദിച്ച വീട്ടിലാണ്‌ മന്ത്രി പാലുകാച്ചലിൽ പങ്കാളിയായത്‌. മറ്റൊരു ഉപയോക്താവായ അമ്മിണിയമ്മ മന്ത്രിയിൽനിന്ന്‌ താക്കോൽ ഏറ്റുവാങ്ങി. ബാക്കിയുള്ളവർക്ക്‌ കോർപറേഷൻ അധികൃതർ താക്കോൽ കൈമാറി. നിർമാണം പൂർത്തിയാക്കിയ 40 ഫ്ലാറ്റും മുൻ ഘട്ടത്തിലെ അലോട്ട്മെന്റിൽ അവശേഷിച്ച ഒരു ഫ്ലാറ്റും ചേർത്ത്‌ 41 ​ഫ്ലാറ്റാണ്‌ കൈമാറിയത്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡെവലപ്‌മെന്റിന്‌ (കോസ്റ്റ്ഫോർ‌ഡ്) ആയിരുന്നു നിർമാണച്ചുമതല.    ഇതിനൊപ്പം പുതിയ ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ നിർമാണോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. തിങ്കളാഴ്ച താക്കോൽദാനം നടന്ന ഫ്ലാറ്റിന്‌ എതിർവശത്തുള്ള സ്ഥലത്താണ്‌ അടുത്ത സമുച്ചയം നിർമിക്കുക. ഇതിനുള്ള നടപടികളും ഉടൻ ആരംഭിക്കും.  ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ എസ്‌ സലിം, ഡി ആർ അനിൽ, എൽ എസ്‌ ആതിര,  ജിഷ ജോൺ, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്‌, പ്രൊജക്ട്‌ ഓഫീസർ ജി എസ്‌ അജികുമാർ, സൂപ്രണ്ടിങ്‌ എൻജിനിയർ ജി എസ്‌ അജിത്‌കുമാർ, സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ്‌ ജയിൽകുമാർ, മണക്കാട്‌ കൗൺസിലർ കെ കെ സുരേഷ്‌ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News