ലൈഫ്‌മിഷൻ: ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ സുപ്രീംകോടതിയിൽ ഹർജി



ന്യൂഡൽഹി > ലൈഫ്‌ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന കേരളാ ഹൈക്കോടതി സിംഗിൾബെഞ്ച്‌ ഉത്തരവിന്‌ എതിരെ ലൈഫ്‌മിഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ബുധനാഴ്‌ച വൈകിട്ട്‌ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ ലൈഫ്‌മിഷൻ ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട്‌ എഫ്‌സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയപ്രേരിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സിബിഐ അന്വേഷണം തുടങ്ങിയതെന്നും ഹർജിയിൽ പറയുന്നു. കേരളത്തിലെ ഭൂരഹിതരും വീടില്ലാത്തവരുമായ ജനങ്ങൾക്ക്‌ സ്വന്തമായി വീടുകൾ നിർമിച്ച്‌ നൽകുന്ന പദ്ധതിയെ തുരങ്കം വയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണ്‌ പരാതിക്കും അന്വേഷണത്തിനും പിന്നിലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലൈഫ്‌ മിഷൻ സിഇഒ സിആർപിസി 482ാം വകുപ്പ്‌ പ്രകാരമാണ്‌ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്‌. അതുകൊണ്ടാണ്‌ സിംഗിൾബെഞ്ച്‌ ഉത്തരവിന്‌ എതിരെ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകാതെ നേരിട്ട്‌ സുപ്രീംകോടതിയിൽ തന്നെ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചത്‌. Read on deshabhimani.com

Related News