ലൈഫ് പദ്ധതി; 1500കോടി രൂപ ഹഡ്‌കോയില്‍ നിന്ന് വായ്‌പയെടുക്കും: മന്ത്രി എം വി ഗോവിന്ദന്‍



തിരുവനന്തപുരം > ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിലെ അര്‍ഹരായ ഭൂരഹിത, ഭവനരഹിതരില്‍ ഭൂമി ആര്‍ജ്ജിച്ച കുടുംബങ്ങള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കുന്നതിനായി 1500 കോടി രൂപ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെട്ട് വീട് നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ത്വരിതപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമായ ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ചേര്‍ത്ത് ആദ്യഗഡു നല്‍കാനാവും. എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള തുടര്‍ന്നുള്ള ഗഡുക്കള്‍ ഹഡ്‌കോ ലോണ്‍ ലഭ്യമാകുന്നതോടെ വിതരണം ചെയ്യും. ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലെ ഭൂമി ആര്‍ജ്ജിച്ചിട്ടുള്ളതും പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യ തൊഴിലാളി, അഡീഷണല്‍ ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടതുമായ അര്‍ഹതയുള്ള  മുഴുവന്‍ ഗുണഭോക്താക്കളുമായും കരാറിലേര്‍പ്പെട്ട് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണം ആരംഭിച്ച് വിവിധ സ്റ്റേജുകളിലുള്ള ഭവനങ്ങള്‍ മുഴുവനും ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ സത്വരമായ നടപടികള്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവണം. 2022 മെയ് മാസത്തിന് മുമ്പായി ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സജീവ സഹകരണം ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. Read on deshabhimani.com

Related News