കോഴിക്കോട്‌ 5178 ലൈഫ്‌ വീടുകൾ മാർച്ചിൽ



കോഴിക്കോട്‌ > ജില്ലയിൽ 5178 പേർക്ക്‌ നാലാംഘട്ടമായി ലൈഫിൽ  വീടുയരും. ‘ലൈഫ്‌ - 2020 ’ അന്തിമ പട്ടികയിൽ ഉൾപ്പെട്ടവർ കരാറുണ്ടാക്കി മാർച്ച്‌ 25നകം നിർമാണം തുടങ്ങും. പദ്ധതിയുടെ മൂന്ന്‌ ഘട്ടങ്ങളിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കളാണ്‌ ഈ ഘട്ടത്തിൽ ഉൾപ്പെടുക. പട്ടികയിലെ  68 പേരുടെ വീട്‌  നിർമാണം ആരംഭിച്ചു. 626 പേരുടേത്‌ കരാറായി. കരാറിലേർപ്പെട്ടവർക്ക് 70 ലക്ഷം രൂപ തദ്ദേശ സ്ഥാപന വിഹിതം ആദ്യഗഡുവായി നൽകി.   ഹഡ്കോ വായ്‌പയും സംസ്ഥാന വിഹിതവുമായി 3,20,000 രൂപ നിർമാണ പുരോഗതിക്ക്‌ അനുസൃതമായി ലഭ്യമാക്കും. എസ്‌സി - എസ്‌ടി ഫിഷറീസ്‌, അതിദരിദ്രർ എന്നിവർക്കാണ്‌ പട്ടികയിൽ മുൻഗണന. തൊഴിലുറപ്പ്‌ പദ്ധതി കാർഡുള്ളവരാണെങ്കിൽ വീട്‌ നിർമാണത്തിനുള്ള നാലുലക്ഷത്തിനുപുറമെ 90 തൊഴിൽ ദിനങ്ങളും നൽകും.   ഭൂരഹിത - ഭവനരഹിതർക്കുള്ള ഫ്ലാറ്റ്‌ ചാത്തമംഗലത്തും നടുവണ്ണൂരുമാണ്‌ ഉയരുക. 42 കുടുംബങ്ങൾക്ക്‌ താമസിക്കാവുന്ന ചാത്തമംഗലത്തെ ഫ്ലാറ്റിന്റെ  നിർമാണം എട്ടുമാസത്തിനകം  പൂർത്തിയാക്കും. 70 കുടുംബങ്ങൾക്ക്‌ താമസിക്കാനുള്ളതാണ്‌ നടുവണ്ണൂരിലെ ഫ്ലാറ്റ്‌.  മാവൂർ, പുതുപ്പാടി എന്നിവിടങ്ങളിലും ഫ്ലാറ്റ്‌ ആലോചിക്കുന്നുണ്ട്‌. ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ട 6641 വീടുകളിൽ 6484 എണ്ണം പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 5226 അപേക്ഷകരിൽ 5059 പേർക്ക്‌ വീടായി. മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത 671 പേർക്ക്‌ ഭൂമി നൽകി. 425 അപേക്ഷകരുടെ വീട്‌ പണി പൂർത്തിയായി. എസ്‌സി - എസ്‌ടി ഫിഷറീസ്‌ വിഭാഗങ്ങളിലായി 2083 പേരുടെ പട്ടികയിൽ 1171 വീടുകൾ പൂർത്തിയായി. Read on deshabhimani.com

Related News