സര്‍ക്കാരിന്റെ കരുതല്‍: 859 കുടുംബങ്ങളുടെ സ്വപ്നം യാഥാർഥ്യമായി



കൊച്ചി > ഇടതുസർക്കാരിന്റെ കരുതലിൽ ജില്ലയിലെ 859 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ പദ്ധതിയിലൂടെ പഞ്ചായത്തുകളിൽ 579 വീടുകളുടെയും ന​ഗരസഭാ പ്രദേശങ്ങളിൽ 280 വീടുകളുടെയും ​ഗൃഹപ്രവേശം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങളോടെ ​ഗുണഭോക്താക്കളുടെ കുടുംബസം​ഗമം നടന്നു. പിണ്ടിമന പഞ്ചായത്തിലാണ് കൂടുതൽ വീടുകൾ പൂർത്തിയായത്–- 40. അശമന്നൂർ-–-32, പാമ്പാക്കുട–-30, പായിപ്ര–--25, കോട്ടപ്പടി–--25, വാഴക്കുളം–-20, വെങ്ങോല-–-20 വീടുകളും പൂർത്തിയാക്കി. ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 19,068 വീടുക‌ളുടെ നിർമാണം പൂർത്തിയായി. 1575 ഭൂരഹിതർക്കാണ് ലൈഫ് മിഷൻവഴി വീടുകൾ നിർമിച്ചുനൽകിയത്‌. തോപ്പുംപടി, അയ്യമ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി സ്വന്തമായി സ്ഥലമില്ലാത്തവർക്കുള്ള ഭവനസമുച്ചയനിർമാണം പുരോ​ഗമിക്കുകയാണ്. നിർമാണം പൂർത്തിയാകുന്നതോടെ തോപ്പുംപടിയിൽ 88, അയ്യമ്പുഴയിൽ 44, കൂത്താട്ടുകുളത്ത് 36 കുടുംബങ്ങൾക്ക് സ്വന്തമായി വീട് ലഭിക്കും. അങ്കമാലി‌, കീഴ്മാട് എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ ഭവനസമുച്ചയങ്ങളിൽ 12 വീതം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂടുതൽ ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടി ആരംഭിച്ചു. ജില്ലയിൽ ലൈഫ് മിഷന്റെ ആദ്യഘട്ടത്തിൽ അനുവദിച്ച ഭൂരിഭാഗം വീടുകളുടെയും രണ്ടാംഘട്ടത്തിൽ അനുവദിച്ച 96 ശതമാനം വീടുകളുടെയും നിർമാണം പൂർത്തിയായി. Read on deshabhimani.com

Related News