എറണാകുളത്ത്‌ ലൈഫ്‌ തണലിൽ 17,058 കുടുംബങ്ങൾ; പൂർത്തീകരണപ്രഖ്യാപനം 28ന്‌



കൊച്ചി > ലൈഫ് പദ്ധതിയിൽ എറണാകുളം ജില്ലയിൽ നിർമിച്ച 17,058 വീടുകളുടെ പൂർത്തീകരണപ്രഖ്യാപനം 28ന്‌ പകൽ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സംസ്ഥാനത്ത്‌ നിർമിച്ച 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണപ്രഖ്യാപനത്തിന്റെ ഭാഗമാണിത്‌.  ആദ്യഘട്ടത്തിൽ 99.43 ശതമാനവും രണ്ടാംഘട്ടത്തിൽ 95 ശതമാനവും പദ്ധതിപൂർത്തീകരണം കൈവരിക്കാൻ ജില്ലയ്ക്കായി. ഭൂമിയില്ലാത്ത ഭവനരഹിതർക്കുള്ള 1470 വീടുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്‌. 580 വീടുകൾ ഇതിനോടകം പൂർത്തിയാക്കി. എട്ടിടങ്ങളിൽ ഭവനസമുച്ചയങ്ങൾക്കുള്ള ഭൂമിയും കണ്ടെത്തി. ഏലൂർ, കൂത്താട്ടുകുളം, അയ്യമ്പുഴ, തൃക്കാക്കര, കരുമാല്ലൂർ, തോപ്പുംപടി, തിരുമാറാടി, വാരപ്പെട്ടി എന്നിവിടങ്ങളിലാണ് ഭവനസമുച്ചയം പരിഗണനയിലുള്ളത്‌. ഇതിൽ അയ്യമ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ സമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചു. ഇതിനുപുറമെ ഭൂമിയില്ലാത്ത ഭവനരഹിതർക്കായി 26 സ്ഥലങ്ങളിലായി 4905 സെന്റ്‌ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്‌. മത്സ്യത്തൊഴിലാളി, പട്ടികജാതി–-വർഗ വിഭാഗത്തിൽ 1703 കുടുംബങ്ങൾക്ക്‌ വീടിനുള്ള കരാറും പൂർത്തിയാക്കാനായി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ലൈഫിനുകീഴിൽ 1023.11 കോടി രൂപയുടെ പദ്ധതികളാണ് വിവിധ തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്തത്‌. നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ ജില്ലയിലെ 93 തദ്ദേശസ്ഥാപനങ്ങള്‍ 100 ശതമാനം ലക്ഷ്യം കൈവരിച്ചു. 1060 വീടുകളാണ് ഈ വിഭാഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. Read on deshabhimani.com

Related News