മണ്ണാർക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു



മണ്ണാർക്കാട് > കോഴിക്കൂട്ടില്‍ കുടുങ്ങി ആറരമണിക്കൂറോളം തൂങ്ങിക്കിടന്ന പുള്ളിപ്പുലി ചത്തു. കോട്ടോപ്പാടം കണ്ടമംഗലം കുന്തിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിലാണ് കുടുങ്ങിയത്. കൂടിന്റെ ഇരുമ്പുവലയിലെ കമ്പികൾക്കിടയില്‍ കാലുകുടുങ്ങി തൂങ്ങിക്കിടന്നതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. മൂന്നിനും നാലിനും ഇടയില്‍ പ്രായമുണ്ട്‌. ഞായർ പുലർച്ചെ ഒന്നോടെയാണ് സംഭവം. കോഴികളുടെ ബഹളം കേട്ട് ഫിലിപ്പ് പുറത്തിറങ്ങിയപ്പോഴാണ്‌ പുലിയെ കണ്ടത്. ആദ്യം പട്ടിയാണെന്ന്‌ കരുതി. പുലിയുടെ അലര്‍ച്ചയിൽ ഓടിമാറിയ ഫിലിപ്പ് കൂടിന്റെ വാതില്‍ പൂട്ടി. കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും വനം വകുപ്പധികൃ-തരും സ്ഥലത്തെത്തി. മയക്കുവെടിവയ്ക്കാനായി വയനാട്ടില്‍നിന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ സംഘവും തിരിച്ചു. പുലിക്കുള്ള കൂടും വനം വകുപ്പ് എത്തിച്ചു. എന്നാല്‍ സംഘം എത്തുന്നതിനുമുമ്പ് ആറരയോടെ പുലി ചത്തു. തുടര്‍ന്ന് പുലിയെ തിരുവിഴാംകുന്നിലെ ഫോറസ്റ്റ് സ്റ്റേഷനിൽ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി സംസ്കരിച്ചു. തുങ്ങിക്കിടന്നതിലുണ്ടായ ക്യാപ്ചര്‍ മയോപ്പതി എന്ന അവസ്ഥയാണ് മരണകാരണമെന്ന്  കണ്ടെത്തി. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.   Read on deshabhimani.com

Related News