മണ്ണാർക്കാട് ജനവാസമേഖലയില്‍ പുലിയും കുഞ്ഞുങ്ങളും ; പുലിയെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍



മണ്ണാർക്കാട് തെങ്കരയിലെ ജനവാസമേഖലയിൽ പുലിയും രണ്ട് കുഞ്ഞുങ്ങളും. കാറിൽ യാത്ര ചെയ്‌ത യുവാക്കളാണ് തള്ളപ്പുലിയെയും രണ്ട് കുട്ടികളെയും കണ്ടത്. പുലിയെ കണ്ടതോടെ ജനം ഭീതിയിലാണ്. യുവാക്കളെ കണ്ട പുലിയും കുട്ടികളും സമീപത്തെ കാട്ടിലേക്ക് മറഞ്ഞു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. തത്തേങ്ങലം സ്വദേശികളായ റഷീദ്, ഷറഫ്, ഖാലിദ് എന്നിവരാണ് പുലിയെ കണ്ടത്. ഇവര്‍ ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കാറിന്റെ ശബ്ദംകേട്ടതോടെ പുലിയും കുട്ടികളും കാട്ടിലേക്ക് മറയുകയായിരുന്നു. ഈ മേഖലയിൽ മുമ്പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഒരു മാസംമുമ്പ്‌ വളർത്തുനായയെ പുലി കൊന്നുതിന്നു. തത്തേങ്ങലത്ത് പ്ലാന്റേഷൻ എസ്റ്റേറ്റിനടുത്ത് ഒരു കോഴിഫാമിലും പുലി കയറി നൂറുകണക്കിന് കോഴികളെ കൊന്നിരിന്നു. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായില്ല. ഇതിനിടയിലാണ് പുലിയെ കാണുന്നത്. പുലിയെയും കുട്ടികളെയും കണ്ടെത്താന്‍ ചൊവ്വാഴ്ച വനം വകുപ്പ് വ്യാപക തിരച്ചില്‍ നടത്തും. ജനങ്ങള്‍ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News