കവളപ്പാറയുടെ പേരിലും മുസ്ലിംലീഗ് വെട്ടിപ്പ്‌; ദുരന്തബാധിതർക്ക്‌ വാഗ്‌ദാനംചെയ്‌ത ഭൂമി ഇതുവരെ നൽകിയില്ല



എടക്കര (മലപ്പുറം) > കവളപ്പാറ ദുരന്തബാധിതരായ 50 കുടുംബത്തിന്‌ ഭൂമിയും വീടുമെന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനം ജലരേഖ. കോടികൾ പിരിച്ച്‌ മൂന്നിടത്തായി വാങ്ങിയ സ്ഥലം കാടുമൂടി. വിദേശത്തുനിന്നുൾപ്പെടെ പണം സ്വരൂപിച്ചതിന്റെ കണക്ക്‌ അവതരിപ്പിച്ചില്ലെന്ന് ആരോപിച്ച്‌ യൂത്ത് ലീഗിലെ ഒരുവിഭാഗം രംഗത്തെത്തി. ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വൻ വെട്ടിപ്പാണ്‌ നടത്തിയതെന്നും ആക്ഷേപമുണ്ട്‌. മലപ്പുറത്ത്‌ വാര്‍ത്താസമ്മേളനത്തിൽ 2020 നവംബർ മൂന്നിനാണ് മൂന്ന് ഏക്കറിൽ പുനരധിവാസമെന്ന്‌ ലീഗ്‌ ഭാരവാഹികൾ പ്രഖ്യാപിച്ചത്‌. രണ്ട് ദിവസത്തിനകം രജിസ്‌ട്രേഷൻ പൂർത്തിയാക്കി ആധാരം കൈമാറുമെന്നും പറഞ്ഞു. ഇതുവരെ ഒരാൾക്കുപോലും സ്ഥലം നൽകിയില്ല. പോത്ത്കല്ല് പഞ്ചായത്തിലെ കോടാലിപൊയിൽ, വെളുമ്പിയംപാടം, പൂളപ്പാടം എന്നിവിടങ്ങളിലാണ്‌ ഭൂമി വാങ്ങിയത്‌. പാർടി വിടുമെന്ന അണികളുടെ ഭീഷണിയുണ്ടായതോടെ വെളുമ്പിയംപാടത്തെ സ്ഥലത്തിന്റെ താമസയോഗ്യമല്ലാത്ത ഭാഗം അഞ്ചാളുടെ പേരിൽ 10 ദിവസംമുമ്പ് രജിസ്റ്റർ ചെയ്‌തു. കവളപ്പാറയിൽ ദുരന്തബാധിതരായ ഒറ്റ കുടുംബവും ഇതിലില്ല. വെളുമ്പിയംപാടത്തും കോടാലിപൊയിലിലും കാട്ടാനശല്യം‌ രൂക്ഷമാണെന്നും വീട്‌ നിർമിക്കാൻ കഴിയില്ലെന്നും നാട്ടുകാർ പറഞ്ഞു. വനഭൂമി അതിരിടുന്ന പ്രദേശമാണിത്‌. കവളപ്പാറയിൽ മുത്തപ്പൻമല ഇടിഞ്ഞിറങ്ങി 2019 ആഗസ്ത് എട്ടിനാണ് 59 പേർ മരിച്ച ദുരന്തം. ഉരുൾപൊട്ടലിനിരയായ മുഴുവനാളുകൾക്കും സർക്കാർ പുനരധിവാസം  ഉറപ്പാക്കി. Read on deshabhimani.com

Related News