പുതുചരിത്രം കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം> ഇന്ത്യയിൽ മറ്റൊരു സംസ്ഥാന സർക്കാരിനും അവകാശപ്പെടാനാകാത്തവിധം നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്‌ രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട്‌. പ്രതിസന്ധികളും കേന്ദ്ര അവഗണനയും അതിജീവിച്ച്‌ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനം നടപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ പതിപ്പിച്ചു. 900 വാഗ്ദാനങ്ങൾ നൽകിയതിൽ രണ്ട്‌ വർഷത്തിനിടെ 809 ഉം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്തിയും തൊഴിലവസരം പരമാവധി സൃഷ്‌ടിച്ചും വയോജനങ്ങളെ ചേർത്തുപിടിച്ചും ഭക്ഷ്യ–- ആരോഗ്യ രംഗത്ത്‌ ഏറ്റവും സാധാരണക്കാരെ കരുതിയുമാണ്‌ സമഗ്രമായ നയപരിപാടി നടപ്പാക്കുന്നത്‌. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനചടങ്ങിൽ ചീഫ്‌ സെക്രട്ടറി വി പി ജോയിക്ക്‌ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പുറത്തിറക്കി. സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾക്ക്‌ വിലയിരുത്താൻ എല്ലാ വർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ പുറത്തിറക്കുകയെന്ന രാജ്യത്തിന്‌ മാതൃകയായ കീഴ്‌വഴക്കമാണ്‌ എൽഡിഎഫ്‌ തുടർന്നത്‌. കഴിഞ്ഞവർഷം നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി 90 അധ്യായങ്ങളിലായി 300 പേജുള്ളതാണ്‌ പ്രോഗ്രസ്‌ റിപ്പോർട്ട്‌. സാമ്പത്തിക അച്ചടക്കം കർശനമായി പാലിച്ചാണ്‌ ധനകാര്യത്തിൽ നേട്ടം കൊയ്തത്‌. പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നതവിദ്യാഭ്യാസംവരെ ചെലവ്‌ കുറച്ചും മികച്ച നിലവാരത്തിലുമാണ്‌ നൽകുന്നത്‌. അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ തടഞ്ഞതുമൂലമുള്ള പ്രതിസന്ധികളുണ്ടായിട്ടും ക്ഷേമ പെൻഷനുകളെയോ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളെയോ ബാധിച്ചില്ല. അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക്‌ ഡിജിറ്റൽ രംഗത്ത്‌ തൊഴിലെന്ന വാഗ്ദാനം നടപ്പാക്കുന്നത്‌ മികച്ചനിലയിലാണ്‌ മുന്നേറുന്നത്‌. നോളജ്‌ ഇക്കണോമിയിൽ ഇതിനകം 13.58 ലക്ഷംപേർ രജിസ്റ്റർ ചെയ്തു. പങ്കാളികളുമായി സഹകരിച്ച്‌ നേടിയതുൾപ്പെടെ 5.18 ലക്ഷം പേർക്ക്‌ തൊഴിൽ സമാഹരിക്കാൻ കഴിഞ്ഞു. 4200 സ്‌റ്റാർട്ടപ്പുകളിലൂടെ 42,000 പേർക്ക്‌ തൊഴിൽ ലഭിച്ചു. ലൈഫ്‌ സയൻസ്‌ പാർക്ക്‌, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌, അർബുദ മരുന്ന്‌ ഉൽപ്പാദനകേന്ദ്രം തുടങ്ങി വൻകിട പദ്ധതികളെല്ലാം നിർമാണത്തിലാണ്‌. കെ–ഫോൺ ജൂൺ അഞ്ചിന്‌ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടം നേരത്തേ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ പശ്ചാത്തലമേഖലയിലെ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം വ്യാവസായിക, ഐടി, നിർമാണ, ടൂറിസം മേഖലകളിൽ കുതിച്ചുചാട്ടമുണ്ടാക്കുകയാണ്‌. Read on deshabhimani.com

Related News