വ്യാജവാർത്ത: ഏഷ്യാനെറ്റ്‌ ന്യൂസ്‌ കണ്ണൂർ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌

ഫോട്ടോ: മിഥുൻ അനില മിത്രൻ


കണ്ണൂർ> ഇടതുപക്ഷവിരുദ്ധ ജ്വരം ബാധിച്ച്‌ തുടർച്ചയായി വ്യാജവാർത്തകൾ സൃഷ്ടിച്ച്‌ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ കണ്ണൂർ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ മാർച്ച്‌ നടത്തി. പാനൂർ മൻസൂർ കേസിലെ പ്രതി ശ്രീരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വ്യാജവാർത്തയുടെ പശ്‌ചാത്തലത്തിലാണ്‌ ശ്രീരാഗിന്റെ അമ്മയും കുടുംബാംഗങ്ങളുമടക്കം പങ്കെടുത്ത മാർച്ച്‌.  ഓഫീസിനുസമീപം നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ അസി.സെക്രട്ടറി എ പ്രദീപൻ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ,   പി ഹരീന്ദ്രൻ (സിപിഐ എം), രാജേഷ്‌ പ്രേം (എൽജെഡി), മഹമ്മൂദ്‌ പറക്കാട്ട്‌ ‌(ഐഎൻഎൽ), ബാബുരാജ്‌ ഉളിക്കൽ (ജനതാദൾ –-എസ്‌), കെ പി ശിവപ്രസാദ് ‌(എൻസിപി) എന്നിവർ സംസാരിച്ചു.  ശ്രീരാഗിന്റെ അമ്മ അജിത, അമ്മാവൻ അനിൽകുമാർ(ശശി), മുന്നണി നേതാക്കളായ എം പ്രകാശൻ, വത്സൻ പനോളി, കെ ഇ കുഞ്ഞബ്ദുള്ള, കെ പി സുധാകരൻ, പി കെ പ്രദീപൻ, കെ പി യൂസഫ്‌ എന്നിവരും പങ്കെടുത്തു. തെരഞ്ഞെടുപ്പ്‌ സംഘർഷത്തിന്റെ തുടർച്ചയായുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ സിപിഐ എം ആസൂത്രിത കൊലപാതകമായി ചിത്രീകരിച്ച്‌ നിരന്തരം വാർത്ത ചമയ്‌ക്കുകയായിരുന്നു ഏഷ്യാനെറ്റും മറ്റു വലതുപക്ഷ മാധ്യമങ്ങളും. കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്ത്‌ രതീഷ്‌ എന്ന യുവാവ്‌ ജീവനൊടുക്കിയതിലും ദുരൂഹതയുണ്ടെന്നുവരുത്തി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പ്രതിക്കൂട്ടിൽ നിർത്തി. നാലാംപ്രതി ശ്രീരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്ത നൽകുമ്പോൾ, റിമാൻഡുചെയ്യപ്പെട്ട്‌ ജയിലിലായിരുന്നു ശ്രീരാഗ്‌. തെളിവ്‌ നശിപ്പിക്കാനായി പ്രതികളെ ഇല്ലാതാക്കുന്നുവെന്ന പച്ചക്കള്ളത്തിന്‌ വിശ്വാസ്യത നൽകാനായിരുന്നു വ്യാജവാർത്ത. വലിയ വിമർശനമുയർന്നതോടെ ഏഷ്യാനെറ്റ്‌‌ ന്യൂസ്‌ വാർത്ത തിരുത്തി ക്ഷമാപണം നടത്തിയെങ്കിലും അതിനകം വാർത്തയുടെ സ്‌ക്രീൻഷോട്ട്‌ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. Read on deshabhimani.com

Related News