പാർലമെന്റിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി ഭരണഘടനയെ തകർക്കുന്നു: പി വി സുരേന്ദ്രനാഥ്

ലോയേഴ്സ് യൂണിയൻ സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി അഡ്വ. പി വി സുരേന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ> പാർലമെന്റിനെ നോക്കുകുത്തിയാക്കി ആർഎസ്എസ് അജൻഡകൾ നടപ്പാക്കി ഫലത്തിൽ ഭരണഘടനയെ തകർക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി അഡ്വ. പി വി സുരേന്ദ്രനാഥ്. ലോയേഴ്സ് യൂണിയൻ സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ തൃശൂർ റീജണൽ തിയറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുപ്രീം കോടതി സീനിയർ അഭിഭാഷകനായ സുരേന്ദ്രനാഥ്. ഭരണഘടന ഭേദഗതി ചെയ്യാതെ അതേപടി  നിലനിർത്തിക്കൊണ്ടുതന്നെ അതിന്റെ അന്തസ്സത്തയും അടിസ്ഥാന മൂല്യങ്ങളും തകർക്കുന്ന സമീപനങ്ങളാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും പൗരത്വനിയമഭേദഗതിയിലൂടെയും  കർഷകദ്രോഹ–- തൊഴിലാളിദ്രോഹ നിയമനിർമാണങ്ങളിലൂടെയും പാർലമെന്റിനെ നോക്കുകുത്തിയാക്കുകയാണ്‌. ഫലത്തിൽ ഭരണഘടനയെ തകർക്കുകയാണ്. സംസ്ഥാന സെക്രട്ടറി  അഡ്വ. സി പി പ്രമോദ് അവകാശപത്രിക അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. വിജയകുമാർ അധ്യക്ഷനായി. 14 ജില്ലകളിൽനിന്ന്‌ 20 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഡിസംബർ മൂന്നാം തീയതി സംസ്ഥാനവ്യാപകമായി അവകാശ ദിനമായി ആചരിക്കാൻ കൺവൻഷൻ തീരുമാനിച്ചു. ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ ഡി ബാബു, യൂണിയൻ  ജില്ലാ സെക്രട്ടറി അഡ്വ. കെ ജി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News