ഡോക്‌ട‌റെ ചവിട്ടിവീഴ്‍ത്തിയെന്ന പരാതി വ്യാജമെന്ന് മരിച്ച സ്‌ത്രീയുടെ മകൾ



കൊല്ലം > തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ മരണവിവരം അറിയിച്ച ഡോക്ടറെ ചവിട്ടിവീഴ്‍ത്തിയെന്ന പരാതി വ്യാജമാണെന്നും ചികിത്സാപ്പിഴവ് മറച്ചുവയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണിതെന്നും മരിച്ച സ്‌ത്രീയുടെ മകൾ. ഡോക്‌ടറുടെ വീഴ്‌ചകാരണമാണ് അമ്മ മരിച്ചത്. പിന്നാലെ അച്ഛനെ കള്ളക്കേസിൽ കുടുക്കിയെന്നും അനസൂയ സെൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബുധൻ പുലർച്ചെയാണ് കൊല്ലം വെളിച്ചിക്കാല പുതുമനയിൽ സെന്തിൽകുമാറിന്റെ ഭാര്യ ശുഭ (50) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മരണവിവരം അറിയിച്ച ന്യൂറോ സർജറി വിഭാഗം സീനിയർ റസിഡന്റ് മേരി ഫ്രാൻസിസിനെ സെന്തിൽകുമാർ ചവിട്ടിവീ‌ഴ്‍ത്തിയെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. നവംബർ ആറിന് സന്നി വന്നതിനെ തുടർന്നാണ് ശുഭയെ ആശുപത്രിയിൽ എത്തിച്ചത്‌. ഡോ. മേരി ഫ്രാൻസിസിസിനെ കാണിച്ചെങ്കിലും ഒരാഴ്ചയോളം ചികിത്സയൊന്നും നൽകാതെ വാർഡിൽ കിടത്തിയെന്ന്‌ അനസൂയ പറഞ്ഞു. പിന്നീടാണ് ന്യൂറോ സർജറി വാർഡിലേക്കു മാറ്റിയത്. 22ന് ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ഡോ. മേരി  അറിയിച്ചു. രാത്രി 12.30ന്‌ അച്ഛനെ വിളിച്ച് അമ്മയ്‌ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നോ എന്ന് തിരക്കി. ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോൾ  മരിച്ചെന്ന് പറഞ്ഞു. മരണത്തിൽ സംശയമുണ്ടെന്നും പരാതി നൽകുമെന്നും അച്ഛൻ പറഞ്ഞതോടെ  രക്ഷപ്പെടാനായി ഡോക്ടർ അച്ഛനെതിരെ പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തതായി അനസൂയ പറഞ്ഞു. Read on deshabhimani.com

Related News