ശശി തരൂരിന്റെ പരാമര്‍ശം: മത്സ്യത്തൊഴിലാളികളോട് മാപ്പ് ചോദിച്ച് കെ വി തോമസിട്ട പോസ്റ്റ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു



കൊച്ചി> ശശി തരൂരിന്റെ പ്രവൃത്തിയില്‍ മത്സ്യത്തൊഴിലാളികളോട്  മാപ്പുചോദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്  ഫേസ്‌ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചു. തന്റെ സഹപ്രവര്‍ത്തകന്റെ പരാമര്‍ശത്തില്‍ മത്സ്യതൊഴിലാളി സഹോദരരോട് മാപ്പ് ചോദിക്കുകയാണെന്നും യുഡിഎഫുമായി സഹകരിക്കണമെന്നും വിശദീകരിച്ചാണ്  കെ വി തോമസ് തന്റെ ഫേസ്‌ബുക്കില്‍  പോസ്റ്റിട്ടിരുന്നത്‌ ഇത്‌ പിന്നീട് പിന്‍വലിക്കുകയായിരുന്നു 'എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തിരുവനന്തപുരം എം പി ശശീതരൂര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് മത്സ്യമാര്‍ക്കറ്റിലെത്തി പത്രക്കടലാസില്‍ ചുരുട്ടി മത്സ്യം ഉയര്‍ത്തിപിടിക്കുകയും, മത്സ്യത്തിന്റെ ഗന്ധം തനിക്ക് ഓക്കാനം ഉണ്ടാക്കി എന്ന് പിന്നീട് ട്വീറ്റ് ചെയ്തത് മത്സ്യത്തൊഴിലാളി സമൂഹത്തിന് ഏറെ വേദന ഉളവാക്കിയതായി ഞാന്‍ മനസിലാക്കുന്നു.ഇക്കാര്യത്തില്‍ എന്റെ സഹപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ വേദനാജനകമായ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി സഹോദരരോട് ഞാന്‍ മാപ്പു ചോദിക്കുകയാണ്. പ്രളയകാലത്ത് രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട ശശീതരൂരില്‍ നിന്ന് ബോധപൂര്‍വ്വം ഇങ്ങനെ ഒരുപരാമര്‍ശം ഉണ്ടായതായി കണക്കാക്കാതെ അതൊരു നാവു പിഴയായി കരുതി രാജ്യം നേരിടുന്ന നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ വൈകാരികമായ പ്രതികരണത്തിനുമുതിരാതെ തികച്ചും ജനാധിപത്യപരമായ വിധത്തില്‍ യുഡിഎഫിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; കെ വി തോമസ് പോസ്റ്റില്‍ പറഞ്ഞു. തന്റെ പോസ്റ്റായിരുന്നു അതെന്നും എന്നാല്‍ പിന്നീടത് വിവാദമായതിനാല്‍ പിന്‍വലിക്കുകയായിരുന്നുവെന്നും കെ വി തോമസ്  ദേശാഭിമാനിയോട് വിശദീകരിച്ചു. പോസ്റ്റിന്റെ നിരവധി സ്‌ക്രീന്‍ ഷോട്ടുകള്‍  ഫേസ്‌ബുക്കില്‍ പ്രചരിച്ചിരുന്നു   Read on deshabhimani.com

Related News