കുതിരാൻ രണ്ടാം പാത സമയബന്ധിതമായി തുറക്കാൻ ഇടപെടും: മന്ത്രി മുഹമ്മദ് റിയാസ്‌



തിരുവനന്തപുരം > കുതിരാൻ തുരങ്കത്തിന്റെ രണ്ടാം പാത സമയബന്ധിതമായി ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ എല്ലാ ഇടപെടലുമുണ്ടാകുമെന്ന്‌ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും റവന്യൂമന്ത്രി കെ രാജനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തുരങ്കം പെട്ടന്ന്‌ പൂർത്തിയാക്കാൻ യോഗം വിളിക്കും. കേന്ദ്രസർക്കാരുമായും ദേശീയപാത അതോറിറ്റിയുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ഒന്നാം തുരങ്കം ആഗസ്ത്‌ ഒന്നിന് മുമ്പായി പൂർത്തിയാക്കാൻ കഴിഞ്ഞ സർക്കാരും ഈ സർക്കാരും ഇടപെട്ടിരുന്നു. നിർമാണത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിച്ചു. പാലക്കാട്നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഒരു ടണലാണ് തുറന്നത്. തൃശൂരിൽനിന്ന് പാലക്കാട്ടേക്ക് പഴയ വഴിയാണ്‌ വാഹനങ്ങൾ കടത്തിവിടുക. രണ്ട്‌ പാതയും പൂർത്തിയായശേഷമേ ടോൾ പിരിക്കാൻ നടപടി ആരംഭിക്കാവൂവെന്ന്‌ മന്ത്രിമാർ പറഞ്ഞു. Read on deshabhimani.com

Related News