കൊലക്കേസ്‌ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയിൽ; നാട്ടിലെത്തിയത്‌ ലോക്‌ഡൗണിൽ



കുറവിലങ്ങാട് (കോട്ടയം0 > അയൽവാസിയെ കൊന്ന്‌ കുളത്തിൽ കെട്ടിത്താഴ്‌ത്തിയശേഷം 24 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ലോക്‌ഡൗൺ കാലത്ത്‌ മടങ്ങിയെത്തിയപ്പോൾ പിടിയിലായി. കാണക്കാരി കുറുമുള്ളൂർ അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നിജോസഫി(20)നെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റിപ്പറമ്പിൽ വർക്കിയെ(56) ഏറ്റുമാനൂർ പൊലീസ് ചൊവ്വാഴ്‌ച പിടികൂടിയത്. വർഷങ്ങളോളം തമിഴ്‌‌നാട്ടിലും കർണാടകത്തിലും ഒളിച്ചുതാമസിച്ച ഇയാൾ ഏഴ്‌ മാസംമുമ്പ്‌ കണ്ണൂരിലെത്തി. ഇവിടെനിന്ന്‌ കാൽനടയായി കാണക്കാരിയിൽ എത്തിയതായിരുന്നു. 1996 ആഗസ്‌‌ത്‌ 23 നായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം പൊലീസിനെ വെട്ടിച്ച്‌ തമിഴ്‌‌നാട്ടിലും പിന്നീട് കർണ്ണാടകയിലെ ഷിമോഗയിൽ ടാപ്പിങ്‌ ജോലിചെയ്തും ഒളിച്ചു താമസിക്കുകയായിരുന്നു. ലോക്‌ഡൗണിനേത്തുടർന്ന് കുറുമുള്ളൂരിൽ തിരികെയെത്തി സഹോദരനൊപ്പം താമസിക്കുകയായിരുന്നു.    അയൽവാസികളും ടൈൽസ് ജോലിക്കാരായിരുന്ന ബെന്നിയും വർക്കിയും സൃഹൃത്തുക്കളായിരുന്നു. സംഭവദിവസം ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ഇരുവരുംതമ്മിൽ അയൽവാസി സ്‌ത്രീയുടെ പേരുപറഞ്ഞ് വഴക്കിട്ടു. സംഭവത്തിൽ ബെന്നിയുടെ വീട്ടിലെത്തി മാതാപിതാക്കളായ ജോസഫ്, അന്നക്കുട്ടി എന്നിവരോട്‌ ബെന്നിയെ ഇല്ലാതാക്കുമെന്ന് വർക്കി ഭീഷണി മുഴക്കി. രാത്രി 9.30തോടെ പുതുശേരിൽ അപ്പച്ചന്റെ വീട്ടിൽ നിന്ന്‌ ടിവി കണ്ടശേഷം വീട്ടിലേക്ക് മടങ്ങിയ ബെന്നിയെ കഴുത്തിനു വെട്ടിയശേഷം സമീപത്തുള്ള പുരയിടത്തിലെ കുളത്തിൽ  കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു.    ബെന്നിയുടെ നിലവിളികേട്ട്  മാതാപിതാക്കളും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. അന്വേഷണത്തിൽ വർക്കിയെ കാൺമാനില്ലെന്ന്‌ വ്യക്തമായി. വർഷങ്ങൾക്കുശേഷവും പ്രതിയെ കണ്ടെത്താത്ത സാഹചര്യത്തിൽ കോടതിയിൽ കുറ്റപത്രം നൽകി. കോടതി വർക്കിക്കെതിരെ ലോങ്‌ പെൻഡിങ്‌ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.    കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്‌‌പി വിനോദ്‌പിള്ളയ്‌ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌ വർക്കിയുടെ സഹോദരൻ കുറ്റിപ്പറമ്പിൽ കുട്ടച്ചന്റെ വീട്ടിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾ കുറ്റംസമ്മതിച്ചതായി കുറവിലങ്ങാട് സിഐ കെ ജെ തോമസ് പറഞ്ഞു. പാലാ കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡുചെയ്തു. Read on deshabhimani.com

Related News