46 ലക്ഷം വനിതകൾ, "ചുവട്‌' വച്ച്‌ കുടുംബശ്രീ ; രജതജൂബിലി ആഘോഷത്തിന്‌ തുടക്കം



തിരുവനന്തപുരം പെൺകൂട്ടായ്മയുടെ കരുത്തുകാട്ടിയ "ചുവട്- 2023' അയൽക്കൂട്ട സംഗമം സംസ്ഥാനത്തിനാകെ അഭിമാനമായി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് കരുത്തു പകർന്നാണ്‌ വ്യാഴാഴ്ച അയൽക്കൂട്ട സംഗമം നടന്നത്‌. സ്ത്രീശാക്തീകരണത്തിന്‌ പുതിയ വേഗമേകി, നവീന ലക്ഷ്യങ്ങൾക്ക്‌ രൂപം നൽകി അയൽക്കൂട്ട സംഗമം കുടുംബശ്രീയുടെ ചരിത്രത്തിലെ സുവർണ അധ്യായമായി മാറി. ഹരിതചട്ടം പാലിച്ച് പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾകൊണ്ട്‌ അലങ്കരിച്ച വേദികളിലായിരുന്നു മിക്കയിടത്തും ചടങ്ങ്‌. 14 ജില്ലയിലുമായി 46 ലക്ഷം വനിതകൾ അണിനിരന്നു. രാവിലെ എട്ടിന്‌ സംസ്ഥാനത്തെ മൂന്നുലക്ഷം അയൽക്കൂട്ടത്തിൽ ദേശീയ പതാക ഉയർന്നതോടെ ഓരോ അയൽക്കൂട്ടവും സ്വന്തമായി രചിച്ച് ഈണം നൽകിയ സംഗമഗാനം അവതരിപ്പിച്ചു. തുടർന്ന്‌ മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം എല്ലായിടത്തും പ്രദർശിപ്പിച്ചു. പദ്ധതി പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും കുടുംബശ്രീയെ നവീകരിക്കാനുമുള്ള മികച്ച നിർദേശങ്ങൾ അയൽക്കൂട്ടങ്ങളിൽനിന്ന്‌ ഉയർന്നുവന്നത് കൂട്ടായ്മയെ കൂടുതൽ ശ്രദ്ധേയമാക്കി. ഇതോടൊപ്പം ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയൽക്കൂട്ട പരിസരം, അയൽക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നിവയും ചർച്ച ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി. മന്ത്രിമാർ, എംഎൽഎമാർ,  കുടുംബശ്രീ ഉദ്യോഗസ്ഥർ, കലക്ടർമാർ, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ  അയൽക്കൂട്ട സംഗമത്തിൽ പങ്കാളികളായി. സംരംഭകത്വശേഷി വർധിപ്പിക്കണം: മന്ത്രി എം ബി രാജേഷ്‌ അയൽക്കൂട്ട സംഗമത്തിലൂടെ ലഭ്യമാകുന്ന ആവേശവും ഊർജവും തൊഴിൽ സംരംഭകത്വശേഷി വർധിപ്പിക്കാൻ പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. കുടുംബശ്രീയുടെ 25–-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "ചുവട് 2023' സംസ്ഥാനതല അയൽക്കൂട്ട സംഗമത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യ പ്രസക്തിയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ  ആയോധനകല പരിശീലക സംഘങ്ങൾക്ക്‌ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.  നൂതന ആശയങ്ങളിൽ അധിഷ്ഠിതമായ തൊഴിൽ സംരംഭ മാതൃകകൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ അയൽക്കൂട്ടങ്ങളിൽനിന്ന്‌ ഉയർന്നുവരണം. അടുത്ത ഒരു വർഷത്തിൽ ഓരോ അയൽക്കൂട്ടത്തിനും ഒരു പുതിയ സംരംഭമെങ്കിലും തുടങ്ങാൻ കഴിയണം. അക്കാര്യത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ലഹരി, സ്ത്രീധനം എന്നിങ്ങനെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ പോരാടാൻ കുടുംബശ്രീക്ക് കഴിയണം. അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്ത എല്ലാ വനിതകളെയും മന്ത്രി അഭിനന്ദിച്ചു.   Read on deshabhimani.com

Related News