സ്‌ത്രീകൾക്ക്‌ കൈവന്നത്‌ 
ആത്മാഭിമാനത്തിന്റെ കരുത്ത്‌ ; പാലോളി മുഹമ്മദ് കുട്ടി സംസാരിക്കുന്നു



  മണ്ണാർക്കാട് ‘സ്ത്രീകളെ സംഘടിപ്പിച്ച് എന്തു നേടുമെന്ന പരിഹാസത്തിന്, കേരള വികസനമുന്നേറ്റത്തിൽ കുടുംബശ്രീ പ്രവർത്തകർ വഹിക്കുന്ന പങ്കുതന്നെയാണ് മറുപടി. സ്ത്രീകളുടെ പ്രശ്നപരിഹാരത്തിന് ഒട്ടേറെ ശ്രമം ഓരോ കാലഘട്ടത്തിലും നടത്തിയിട്ടുണ്ട്. എന്നാൽ, കുടുംബശ്രീയിലൂടെ നേടാൻ കഴിഞ്ഞ അളവിൽ സ്‌ത്രീ മുന്നേറ്റം മറ്റൊന്നിനും കേരളത്തിൽ സാധിച്ചിട്ടില്ല. കുടുംബശ്രീ പ്രവർത്തകർക്ക്‌ കൈവയ്‌ക്കാൻ പറ്റാത്ത ഒരു മേഖലയും ഇല്ലെന്ന്‌ 25 വർഷത്തെ അനുഭവം സാക്ഷ്യം.’–- ഗ്രാമവികസന വകുപ്പ്  നടപ്പാക്കിയ കുടുംബശ്രീ പ്രസ്ഥാനം 25–-ാം വർഷത്തിലെത്തുമ്പോൾ അതിന്റെ ശിൽപ്പി പാലോളി മുഹമ്മദ്കുട്ടിയുടെ വാക്കുകൾക്ക്‌ അഭിമാനത്തിന്റെ നിറവ്‌. ഇ എം എസ് വിഭാവനം ചെയ്ത ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത്‌ സംസ്ഥാന വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ ഡോ. ടി എം തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങളിൽനിന്നാണ്‌ കുടുംബശ്രീ പ്രസ്ഥാനം രൂപീകരിച്ചത്‌. വാജ്പേയി പ്രധാനമന്ത്രിയായി ചുമതലയേറ്റ ഘട്ടത്തിലാണ് കുടുംബശ്രീ സംവിധാനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടന പ്രസംഗശേഷം വേദിയിൽ  കുടുംബശ്രീയെക്കുറിച്ച്‌ വിശദീകരിക്കുകയും ഗ്രാമവികസന മന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രിയോട്‌ സഹായം അഭ്യർഥിക്കുകയും ചെയ്‌തു. എത്രവേണമെന്നാണ് പ്രധാനമന്ത്രി തിരികെ ചോദിച്ചത്‌. ഒരാഴ്ച കഴിഞ്ഞപ്പോൾ ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്രസർക്കാർ 96 കോടി രൂപ അനുവദിച്ചു. ഇതാണ്‌ കുടുംബശ്രീക്ക്‌ ലഭിച്ച പ്രാരംഭ ഫണ്ട്. പുരുഷമേധാവിത്വ സമൂഹത്തിലാണ്‌ പരമ്പരാഗതമായി സ്ത്രീകൾ ജീവിക്കുന്നത്. എന്നാൽ, കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സമൂഹത്തിൽ നടക്കുന്ന എല്ലാത്തിലും സജീവമായി ഇടപെടാനും അതിന്റെ ഭാഗമാകാനും സ്ത്രീകൾക്ക്‌ കഴിഞ്ഞു. സ്‌ത്രീകൾക്ക്‌ ആത്മവിശ്വാസവും ആത്മാഭിമാനവും പകർന്നു നൽകുന്നതിൽ നിർണായക പങ്കാണ്‌ കുടുംബശ്രീ വഹിച്ചത്‌. പ്രസ്ഥാനം ആരംഭിച്ച്‌ ഒരു വർഷം പിന്നിട്ട ഘട്ടത്തിൽ ഒരു സംഘം കുടുംബശ്രീ അംഗങ്ങൾ മന്ത്രിയായ തന്നെ വീട്ടിൽവന്ന്‌ കണ്ട്‌ ഒരു ഷർട്ട് സമ്മാനിച്ച്‌ അത്ഭുതപ്പെടുത്തിയത്‌ ഇപ്പോഴും ഹൃദ്യമായ ഓർമയാണ്‌–-പാലോളി പറഞ്ഞു. Read on deshabhimani.com

Related News