കാൽനൂറ്റാണ്ട്‌ ; കരുത്തായി കുടുംബശ്രീ ; ഒരു വർഷം നീണ്ട ആഘോഷം



തിരുവനന്തപുരം മൂന്നു ലക്ഷം അയൽക്കൂട്ടം. 45.85 ലക്ഷം അംഗം. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജനമേഖലയിൽ ലോകമാതൃകയായ കുടുംബശ്രീ 25–-ാം വയസ്സിലേക്ക്‌. രജതജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷം സംഘടിപ്പിക്കുമെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1998 മെയ് 17നാണ്‌ കുടുംബശ്രീ രൂപീകൃതമായത്. ദാരിദ്ര്യ ലഘൂകരണത്തിനായി സ്‌ത്രീകൾക്ക്‌ വായ്പാ സൗകര്യം ലഭ്യമാക്കുക എന്നതായിരുന്നു ആശയം. ആഹാരം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യ പങ്കാളിത്തം, വരുമാനം,സൂക്ഷ്മ സംരംഭം, സമ്പാദ്യവും വായ്പയും, ഗ്രാമസഭാ പങ്കാളിത്തം, അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ തുടങ്ങിവയിലൂടെ ഇന്നത്‌ മുന്നേറുന്നു. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന്‌ രാവിലെ 10ന് തിരുവനന്തപുരം ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കും. തദ്ദേശമന്ത്രി ഉദ്‌ഘാടനം ചെയ്യും. വനിതാ മന്ത്രിമാരും പങ്കെടുക്കും. ചരിത്രം 
രേഖപ്പെടുത്തും കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. കുടുംബശ്രീയെക്കുറിച്ച്‌ പഠനം നടത്തിയവരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സെമിനാർ, സർഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകൾ, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സിഡിഎസുകളിലും ഒരേ ദിവസം വികസന സെമിനാർ, ഫെലോഷിപ്‌ പ്രോഗ്രാം, കലാലയങ്ങളിൽ സെമിനാർ, മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ, വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ച സ്ത്രീകളെ ആദരിക്കൽ, കലാകായിക മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. സ്‌ത്രീപക്ഷ നവകേരളത്തിന്റെ തുടർ പ്രവർത്തനവും നടക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, ഗവേണിങ്‌ ബോഡി അംഗം ഗീത നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News