കുടുംബശ്രീ കലോത്സവം : 
കാസർകോട്‌ കുതിക്കുന്നു , കണ്ണൂർ രണ്ടാം സ്ഥാനത്ത്

മംഗലംകളി മത്സരത്തിനെത്തിയ മലപ്പുറത്തുനിന്നുള്ള സംഘം കലോത്സവനഗരിയിൽ


തൃശൂർ അടുക്കളവിട്ടിറങ്ങി വീട്ടമ്മമാർ  നൃത്തവേദികളിൽ മാറ്റുരച്ചു. പ്രായം മറന്ന്‌ അവർ  ആഹ്ലാദ നിറവിലായി.  സ്ത്രീകളുടെ സർഗാത്മക മികവുകളുടെ കരുത്തായി അരങ്ങ് മാറി.  സംസ്ഥാന കുടുംബശ്രീ കലോത്സവമായ ‘അരങ്ങ്‌ 2023 ഒരുമയുടെ പലമ’ രണ്ടുനാൾ പിന്നിടുമ്പോൾ കാസർകോടിന്റെ  കുതിപ്പ്‌.  59 മത്സര ഇനങ്ങൾ പിന്നിടുമ്പോൾ 102 പോയിന്റുമായാണ്‌  കാസർകോട്‌ മുന്നേറുന്നത്‌.  2019 സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ ജേതാക്കളാണ് കാസർകോട്‌. 79 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനത്തും  71 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്‌.  ശനിയാഴ്ച അവതരിപ്പിച്ച അലാമി കളി, മംഗലം കളി, എരുതുകളി, മറയൂരാട്ടം എന്നിവ   പുതുമയായി.  ഒമ്പത്‌  വേദികളിലായി സംസ്ഥാനത്തെ 2570 കലാപ്രതിഭകളാണ്‌  മാറ്റുരയ്‌ക്കുന്നത്‌.  മത്സരം ഞായറാഴ്‌ച സമാപിക്കും.  സമാപനസമ്മേളനം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി  ആർ   ബിന്ദു അധ്യക്ഷയാവും.  മന്ത്രി കെ രാജൻ സമ്മാനങ്ങൾ വിതരണം ചെയ്യും. Read on deshabhimani.com

Related News