'ഒരുമയുടെ പലമ' ; കുടുംബശ്രീ കലോത്സവത്തിന്‌ അരങ്ങുണർന്നു



തൃശൂർ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ്‌–- 2023  ‘ഒരുമയുടെ പലമ’യ്‌ക്ക്‌  തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.   മന്ത്രി എം ബി  രാജേഷ് ഉദ്ഘാടനം ചെയ്‌തു.   മന്ത്രി കെ രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ സ്വാഗതം പറഞ്ഞു.  ഗസൽ ഗായിക ഇംതിയാസ് ബീഗം മുഖ്യാതിഥിയായി. എ സി മൊയ്തീൻ എംഎൽഎ മികച്ച കലോത്സവ ലോഗോയ്‌ക്കുള്ള സമ്മാനം വിതരണം ചെയ്‌തു. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിന് തൃശൂർ ജില്ല വേദിയാകുന്നത്‌.  സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പേരിൽ ഒരുക്കിയ ഒമ്പതു വേദികളിലായി സംസ്ഥാനത്തെ 2570 കലാപ്രതിഭകളാണ്‌ അരങ്ങിലെത്തുന്നത്‌.  കലോത്സവം ഞായർ വൈകിട്ട്‌ സമാപിക്കും.   കുടുംബശ്രീ, സ്‌ത്രീശാക്തീകരണം
യാഥാർഥ്യമാക്കി : മന്ത്രി സ്‌ത്രീശാക്തീകരണം യാഥാർഥ്യമാക്കിയ പ്രസ്ഥാനമാണ്‌ കാൽനൂറ്റാണ്ട്‌ പിന്നിട്ട കേരളത്തിന്റെ സ്വന്തം കുടുംബശ്രീയെന്ന്‌  മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന്‌ സ്‌ത്രീകളെ അടുക്കളയുടെ കരിയും പുകയും പിടിച്ച ഇടുങ്ങിയ ഭിത്തികൾ ഭേദിച്ച്‌  ജീവിതത്തിന്റെ യഥാർഥ അരങ്ങിലെത്തിച്ച പെൺകരുത്തിന്റെ മഹാപ്രസ്ഥാനമാണ്‌ കുടുംബശ്രീ എന്നും അദ്ദേഹം പറഞ്ഞു.  കുടുംബശ്രീ  സംസ്ഥാന കലോത്സവം ‘അരങ്ങ്‌–- 2023’ തൃശൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകം ശ്രദ്ധിക്കുന്ന സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി കുടുംബശ്രീ മാറി. കഴിഞ്ഞ കാൽനൂറ്റാണ്ട്‌ കേരളം കടന്നുവന്ന വഴികളിലെല്ലാം കുടുംബശ്രീയുടെ മായ്‌ക്കാനാകാത്ത മുദ്രകളുണ്ട്‌.  സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ മേഖലകളിൽ കുടുംബശ്രീവഴി സ്‌ത്രീ ഏറെ മുന്നോട്ടുപോയി. ഇപ്പോൾ നടക്കുന്ന  കലോത്സവങ്ങളിലൂടെ സാംസ്‌കാരിക ശാക്തീകരണത്തിലേക്കും കുടുംബശ്രീ വികസിക്കുകയാണ്‌. രാജ്യത്ത്‌ മറ്റൊരിടത്തും ഇല്ലാത്ത കുടുംബശ്രീയെ സംരംഭമാക്കി, ഉപജീവനത്തിന്റെ മാർഗമാക്കി മാറ്റാനുള്ള സാധ്യതയാണ്‌ സർക്കാർ ആലോചിക്കുന്നത്‌. കോവിഡ്‌ കാലത്തെ ജനകീയ മുന്നേറ്റങ്ങൾമുതൽ ഏറ്റവും പുതിയ വാട്ടർ മെട്രോവരെയുള്ള രാജ്യത്തിന്‌ അഭിമാനമായ എല്ലാ മാതൃകകൾക്കും കുടുംബശ്രീ   കൈയൊപ്പ്‌ ചാർത്തിയിട്ടുണ്ട്‌.   കുടുംബശ്രീയുടെ അനന്ത സാധ്യതകളെ ഇനിയും  പ്രയോജനപ്പെടുത്തുമെന്നും മന്ത്രി  പറഞ്ഞു.   Read on deshabhimani.com

Related News