തുന്നിയെടുക്കാം ജീവിതം; കൈത്താങ്ങായി ‘സേവിക'



കൊച്ചി സംരംഭങ്ങളിൽനിന്ന് തൊഴിൽദായക സംരംഭങ്ങളിലേക്കുള്ള കുടുംബശ്രീയുടെ പുതിയ ചുവടുവയ്പാണ് "സേവിക ഗാർമെന്റ്‌സ്'. ചെറുകിട തയ്യൽ–ടെക്സ്റ്റെെൽസ് സംരംഭങ്ങൾക്ക് കെെത്താങ്ങായി ആരംഭിച്ച സ്ഥാപനം വളർച്ചയുടെ പാതയിൽ മുന്നേറുകയാണ്. വടവുകോട് ബ്ലോക്കിൽ നടപ്പാക്കിയ സ്റ്റാർട്ടപ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാമിലെ (എസ്-വിഇപി) എട്ട് മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരാണ് "സേവിക ഗാർമെന്റ്‌സ്' നടത്തുന്നത്. സംസ്ഥാന സർക്കാർ കുടുംബശ്രീവഴി നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയിലാണ് സേവിക തുടങ്ങുന്നത്. 50 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെയും വടവുകോട് ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസസ് പ്രൊമോഷന്റെയും മേൽനോട്ടത്തിലാണ് പ്രവർത്തനം. ബ്ലോക്കിൽ തയ്യൽ–ടെക്സ്റ്റെെൽസ് മേഖലയിൽ നിരവധിപേരാണ് തൊഴിലെടുക്കുന്നത്. ഇവരിൽ പലരും എറണാകുളത്തെ വിവിധ മാർക്കറ്റുകളിൽനിന്നാണ് തുണിത്തരങ്ങൾ കടയിലെത്തിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, സൂററ്റ്, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങി രാജ്യത്തെ പ്രധാന തുണിമാർക്കറ്റുകളിൽനിന്ന് എത്തിക്കുന്ന തുണിത്തരങ്ങൾ ഇടനിലക്കാരില്ലാതെതന്നെ സേവികയിൽനിന്ന് സംരംഭകർക്ക് നേരിട്ട് കുറഞ്ഞവിലയിൽ ലഭിക്കും. ഇത് ചെറുകിട സംരംഭകരുടെ വരുമാനവും ഉയർത്തും. നിലവിൽ ബ്ലോക്കിലെ ഇരുനൂറിലധികം തയ്യൽ സംരംഭങ്ങളിലേക്ക് തുണിത്തരങ്ങൾ നൽകുന്നത് "സേവിക'യിൽനിന്നാണ്. പുത്തൻകുരിശ് കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം പഞ്ചായത്ത് കെട്ടിടത്തിലാണ് സേവിക ഗാർമെന്റ്സ് പ്രവർത്തിക്കുന്നത്. അല്ലി ജോസ്, ബിനി സുനിൽ, ജീജ സന്തോഷ്‌, ബിന്ദു മനോഹരൻ, രാധ ശിവദാസ്, പി ജി സന്ധ്യ, ഷീജ സന്തോഷ്‌, സുഷീത സത്യപാൽ എന്നിവരാണ് സേവിക ഗാർമെന്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. Read on deshabhimani.com

Related News