കുടുംബശ്രീയ്‌ക്ക്‌ ദേശീയ പുരസ്‌കാരങ്ങൾ; മട്ടന്നൂര്‍ നഗരസഭയ്‌ക്കും പുരസ്‌കാരം



തിരുവനന്തപുരം > നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴില്‍ മികച്ച സംയോജന പ്രവര്‍ത്തനം കാഴ്ച്ചവച്ചതിനുള്ള ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി കുടുംബശ്രീ. കേരളത്തിലെ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. കേന്ദ്ര ഭവന - നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പിഎംഎവൈ (അര്‍ബന്‍) അവാര്‍ഡ്‌സിന്റെ 2021ലെ രണ്ട് സംസ്ഥാനതല പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്. കൂടാതെ നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്‌ക്കാരങ്ങളില്‍ ദേശീയതലത്തില്‍ മട്ടന്നൂര്‍ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തില്‍ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പിഎംഎവൈ (അര്‍ബന്‍) പദ്ധതി നടപ്പിലാക്കുന്നത്. ഉപജീവന പദ്ധതികളുള്‍പ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്‌ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും പദ്ധതിക്ക് കീഴില്‍ ഏറ്റവും മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്‌ടിനുള്ള പുരസ്‌ക്കാരവുമാണ് സംസ്ഥാനതലത്തില്‍ കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. ഒക്ടോബര്‍ 17 മുതല്‍ 19 വരെ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടക്കുന്ന ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. Read on deshabhimani.com

Related News