കുടുംബശ്രീയുടെ വളർച്ചയ്‌ക്ക്‌ കാരണം കേരളത്തിന്റെ മതനിരപേക്ഷ ഐക്യം: മുഖ്യമന്ത്രി



തിരുവനന്തപുരം> കേരളത്തിന്റെ മതനിരപേക്ഷ ഐക്യമാണ്‌ കുടുംബശ്രീയുടെ വളർച്ചയ്‌‌ക്ക്‌ കാരണമെന്നും ജാതിമത വേർതിരിവുകൾക്ക്‌ അതീതമായി ഒന്നിക്കാനും പ്രവർത്തിക്കാനും നമ്മൾ തയാറായതാണ്‌ ഈ വിജയത്തിന്‌ കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ഈ സാമൂഹിക ഐക്യവും സാഹോദര്യവും എന്നും നിലനിർത്തണം. രാജ്യത്തിനും ലോകത്തിനും മുമ്പിൽ കേരളം സൃഷ്‌ടിച്ച മാതൃകയാണ്‌ കുടുംബശ്രീയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ കുടുംബശ്രീ സ്ഥാപകദിന പ്രഖ്യാപനം, രജതജൂബിലി ആഘോഷങ്ങളുടെ സമാപനോദ്‌‌ഘാടനം, റേഡിയോശ്രീ ഉദ്‌ഘാടനം എന്നിവ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2025ലെ കേരളപ്പിറവിയോടെ കേരളം അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി മാറ്റും. സംസ്ഥാനത്തെ അതിദരിദ്ര്യരെ കണ്ടെത്തുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. കുടുംബശ്രീ പ്രവർത്തകരുടെ കണക്കെടുപ്പിൽ രാജ്യത്ത്‌ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്‌ കേരളമെന്ന്‌ വ്യക്തമായി. അതിൽ നമുക്ക്‌ അഭിമാനിക്കാം. 2025 നവംബർ ഒന്നോടെ അതിദരിദ്രരുടെ പട്ടികയിൽ ഒരു കുടുംബം പോലും അവശേഷിക്കരുതെന്ന ലക്ഷ്യം മുൻകണ്ടാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. സ്‌ത്രീകളുടെ സാമ്പത്തിക ഉന്നമനം ഉറപ്പാക്കിയാൽ സമൂഹത്തിന്റെയാകെ ഉന്നമനം ഉറപ്പാക്കാമെന്നത്‌ വ്യക്തമാണ്‌. സ്‌ത്രീകൾ സംരംഭകമേഖയിലേക്ക്‌ കടന്നുവന്നപ്പോൾ വലിയതോതിലുള്ള സംശയങ്ങൾ ഉയർന്നിരുന്നു. സ്‌‌ത്രീകൾക്ക്‌ ഉൽപ്പാദകമേഖലയിൽ പ്രവർത്തിക്കാൻ കഴിവുണ്ടോ എന്നും പലരും ചോദിച്ചു. അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന്‌ കുടുംബശ്രീ തെളിയിച്ചു. അതുകൊണ്ടുതന്നെ ഏത്‌ പ്രതിസന്ധി ഘട്ടത്തിലും കുടുംബശ്രീയെ ചേർത്തുപിടിക്കാൻ സർക്കാർ ശ്രമിച്ചു. സർക്കാരിന്റെ കണ്ണിലെ കൃഷ്‌ണമണിയാണ്‌ കുടുംബശ്രീയെന്ന്‌ സംശയമന്യേ പറയാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News