കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം



തിരുവനന്തപുരം കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്‌ടിഎ)   30–--ാം സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാന നഗരിയിൽ പതാക ഉയർന്നു. ‘മതനിരപേക്ഷ വികസിത കേരളം കരുത്താകുന്ന ജനകീയവിദ്യാഭ്യാസം' എന്ന മുദ്രാവാക്യമുയർത്തിയുള്ള സമ്മേളനത്തിന്  ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ സ്വാഗതസംഘം വൈസ്‌ ചെയർമാൻ സി ജയൻബാബു പതാക ഉയർത്തി. സമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാക വലിയ ചുടുകാട്, പുന്നപ്ര–-വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി  ആർ നാസർ ജാഥാക്യാപ്റ്റൻ  കെഎസ്‌ടിഎ സംസ്ഥാനസെക്രട്ടറി കെ കെ പ്രകാശന് കൈമാറി. തുടർന്ന്‌ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിച്ചു. സംസ്ഥാന സെക്രട്ടറി കെ ബദറുന്നിസ ക്യാപ്റ്റനായ കൊടിമര ജാഥ വെങ്ങാനൂർ അയ്യൻകാളി സ്മൃതിമണ്ഡപത്തിൽനിന്ന്‌ സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ്‌  ഹരികുമാർ ഉദ്ഘാടനംചെയ്തു. ഇരുജാഥകളും വൈകിട്ട്‌  തൈക്കാട് സംഗമിച്ച് സമ്മേളന നഗരിയിലേക്ക് പ്രകടനമായി നീങ്ങി.  കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ കൊടിമരവും, ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ പതാകയും ഏറ്റുവാങ്ങി. പതാക ഉയർത്തിയശേഷം ചേർന്ന യോഗത്തിൽ പി വേണുഗോപാൽ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന സെന്റർ, ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ്, ഗാന്ധിസ്മാരക ഹാൾ എന്നിവിടങ്ങളിലായാണ്‌ സമ്മേളനം . ശനിയാഴ്‌ച രാവിലെ 9.30ന്‌ കെഎസ്‌ടിഎ സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ നാലിന്‌ നായനാർ പാർക്കിൽ  പൊതുസമ്മേളനം മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.  മന്ത്രി  കടകംപള്ളി സുരേന്ദ്രൻ സംസാരിക്കും. ഞായറാഴ്‌ച ജനറൽ കൗൺസിൽ സമാപിച്ചശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. തുടർന്ന്‌ യാത്രയയ‌പ്പ്‌ സമ്മേളനത്തോടെ സംസ്ഥാന  സമ്മേളനം സമാപിക്കും. Read on deshabhimani.com

Related News